യുവാവ് കസ്റ്റഡിയിൽ മരിച്ചു; ജനക്കൂട്ടം പോലീസ് സ്റ്റേഷൻ അടിച്ചുതകർത്തു
Sunday, May 26, 2024 1:02 AM IST
ദേവൻഗരെ (കർണാടക): പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചതിനു പിന്നാലെ ചന്നാഗിരി ടൗൺ പോലീസ് സ്റ്റേഷൻ ആൾക്കൂട്ടം അടിച്ചു തകർത്തു.
ചൂതാട്ടം നടത്തിയെന്നാരോപിച്ച് മേയ് 24 കസ്റ്റഡിയിലെടുത്ത ആദിൽ (30) ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നേദിവസം മരണപ്പെട്ടിരുന്നു. മരണവാർത്ത പരന്നതോടെ ആദിലിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സ്റ്റേഷനിലേക്ക് അതിക്രമിച്ചകയറി. വാഹനങ്ങൾ അടിച്ചുതകർക്കുകയും സ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്തു.
കസ്റ്റഡി മരണത്തിനു പിന്നാലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെയും ചന്നാഗിരി സ്റ്റേഷൻ ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആദിലിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംഘർഷസാധ്യത കണക്കിലെടുത്ത് ചന്നാഗിരിയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു.