മൂന്ന് വിമാനങ്ങൾക്കു വ്യാജബോംബ് ഭീഷണി
Tuesday, October 15, 2024 2:06 AM IST
ന്യൂഡൽഹി: മുംബൈയിൽ നിന്നുള്ള മൂന്ന് രാജ്യാന്തര വിമാനസർവീസുകൾക്കു ബോംബ് ഭീഷണി. ഇതേത്തുടർന്ന് യുഎസിലെ ന്യുയോർക്കിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി വിശദപരിശോധന നടത്തി. ഗൾഫിലേക്കുള്ള മറ്റു രണ്ടു സർവീസുകൾ യാത്രപുറപ്പെടും മുന്പായിരുന്നു ഭീഷണി.
239 യാത്രക്കാരുമായി ന്യുയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്കു പറന്ന എഐ 110 വിമാനം ജാഗ്രതാനിർദേശത്തെത്തുടർന്ന് ഡൽഹിയിൽ ഇറക്കിയതാണ് ആദ്യസംഭവം.
യാത്രക്കാർക്കു പുറമേ 19 ജീവനക്കാരെയും പുറത്തെത്തിച്ചശേഷംവിമാനം വിശദമായി പരിശോധിച്ചു. നിർദേശിക്കപ്പെട്ട സുരക്ഷാമാനദണ്ഡങ്ങളെല്ലാം പൂർത്തിയാക്കിയശേഷം ഇന്നു രാവിലെ മാത്രമേ സർവീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാർക്ക് വിശ്രമത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.സമൂഹമാധ്യമമായ എക്സിലാണു ബോംബ് ഭീഷണി ലഭിച്ചത്. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനു പുറമേ ഗൾഫിലേക്കുള്ള രണ്ട് ഇൻഡിഗോ സർവീസുകൾക്കുനേരേയും വ്യാജഭീഷണിയുണ്ടായി. ഒരു വിമാനം മസ്കറ്റിലേക്കും രണ്ടാമത്തേത് കുവൈറ്റലിേക്കുമാണു പുറപ്പെടേണ്ടിയിരുന്നത്. പരിശോധനയിൽ ഇവയിലും സംശയകരമായ വസ്തുക്കൾ ഉണ്ടായിരുന്നില്ല.