ഹെലികോപ്റ്ററിൽ വിമാനം ഇടിച്ചു മൂന്നു മരണം
Monday, April 15, 2019 12:10 AM IST
കാഠ്മണ്ഡു: നേപ്പാളിലെ ലുക്ലാ എയർപോർട്ടിൽ പാർക്കു ചെയ്തിരുന്ന രണ്ടു ഹെലികോപ്റ്ററുകളിൽ വിമാനം ഇടിച്ചു മൂന്നു പേർ മരിച്ചു. എവറസ്റ്റ് മേഖലയിലേക്കുള്ള പ്രവേശനകവാടത്തിലാണ് ഈ വിമാനത്താവളം. ചെറുവിമാനം ടേക്ക് ഓഫ് ചെയ്യുന്പോൾ റൺവേയിൽ നിന്നു തെന്നി മാറി കോപ്റ്ററുകളിൽ ഇടിക്കുകയായിരുന്നു.
സമ്മിറ്റ് എയറിന്റെ കാഠ്മണ്ഡുവിലേക്കുള്ള വിമാനത്തിന്റെ കോപൈലറ്റും നിലത്തുണ്ടായിരുന്ന പോലീസ് ഓഫീസറും തത്ക്ഷണം മരിച്ചു. മറ്റൊരു പോലീസുകാരൻ ആശുപത്രിയിൽ മരിച്ചു.
പരിക്കേറ്റ ഏതാനും പേരെ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് അയച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.