സയിദ് കുറ്റക്കാരനെന്നു പാക് കോടതി
Wednesday, August 7, 2019 11:15 PM IST
ലാഹോർ: ഭീകരപ്രവർത്തനത്തിനു ധനസമാഹരണം നടത്തിയ കേസിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദ് കുറ്റക്കാരനാണെന്നു ഗുജറൻവാലയിലെ ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു.
പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം ലാഹോറിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള പാക് നഗരമായ ഗുജ്റാറ്റ് എടിസി കോടതിയിലേക്കു കേസ് മാറ്റാനും ഉത്തരവിട്ടു. അടുത്ത ഹിയറിംഗ് ഗുജ്റാറ്റിലായിരിക്കും.
മുൻകൂർ ജാമ്യം നേടാനായി ലാഹോറിൽനിന്നു ഗുജറൻവാലയിലേക്കു പോകുന്പോഴാണ് ജൂലൈ 17ന് അന്വേഷണസംഘം സയിദിനെ കസ്റ്റഡിയിലെടുത്തത്. പാക് പഞ്ചാബിലെ വിവിധ നഗരങ്ങളിൽ സയിദിനും മറ്റു 13 ജെയുഡി ഭീകരസംഘടനാ നേതാക്കൾക്കുമെതിരേ 23 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.
വിവിധ ട്രസ്റ്റുകളുടെയും സംഘടനകളുടെയും പേരിൽ പണം സമാഹരിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചെന്നാണ് ആരോപണം.