ശ്രീലങ്ക: അടിയന്തരാവസ്ഥ അവസാനിച്ചു
Saturday, August 24, 2019 12:14 AM IST
കൊളംബോ : ഈസ്റ്റർദിന ബോംബ് സ്ഫോടനപരന്പരയെത്തുടർന്നു ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവസാനിച്ചു. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ഇസ്ലാമിസ്റ്റ് തീവ്രവാദികൾ നടത്തിയ ചാവേർ ബോംബ് സ്ഫോടനങ്ങളിൽ 258 പേർ മരിക്കുകയും 500ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്ന് ഓരോ മാസത്തേക്കു വീതം നീട്ടുകയായിരുന്നു. ഇത്തവണ അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടു പ്രസിഡന്റ് സിരിസേന ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നാലുമാസം പിന്നിട്ട അടിയന്തരാവസ്ഥയിൽ അയവു വരുത്തണമെന്നു നേരത്തെ താൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ടൂറിസം മന്ത്രി ജോൺ അമരതുംഗ പറഞ്ഞു. ഈസ്റ്റർദിന സ്ഫോടനത്തിനിടയാക്കിയ സുരക്ഷാവീഴ്ചയെക്കുറിച്ച് ശ്രീലങ്കൻ പാർലമെന്റ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽനിന്നു മുന്നറിയിപ്പു ലഭിച്ചിട്ടും ശ്രീലങ്കൻ ഭരണകൂടം ആവശ്യമായ നടപടി എടുക്കാത്തതാണ് ആക്രമണത്തിനിടയാക്കിയതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിരോധ, ക്രമസമാധാനച്ചുമതലയുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യമായ നടപടികൾ തക്കസമയത്ത് എടുത്തില്ലെന്ന് പാർലമെന്ററി കമ്മിറ്റി മുന്പാകെ മൊഴി നൽകിയവർ ആരോപിച്ചിരുന്നു.
നിയമത്തിൻ കീഴിൽ പോലീസ് ആയിരത്തോളം പേരെ അറസ്റ്റു ചെയ്തു. ഏഴ് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും ഇവരിൽ മിക്കവരും കൊല്ലപ്പെട്ടെന്നും ബാക്കിയുള്ളവർ പിടിയിലായെന്നും പോലീസ് വ്യക്തമാക്കി.