ശിഷ്യനെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ
Monday, September 9, 2019 12:19 AM IST
അന്റനനാരിവോ: മഡഗാസ്കറിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തന്റെ നാട്ടുകാരനും ശിഷ്യനുമായ ഫാ. പെദ്രോ ഓപെകാ(71)യുമായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കൂടിക്കാഴ്ച ഏറെ ഹൃദ്യമായി.
ആയിരക്കണക്കിനു മഡഗാസ്കർ നിവാസികളെ ദാരിദ്യത്തിൽനിന്നു കരകയറ്റിയ ഫാ. പെദ്രോ ഓപെകായെ അർജന്റീനയിൽ മാർപാപ്പ പഠിപ്പിച്ചിട്ടുണ്ട്. മിഷൻ പ്രവർത്തനത്തിനായി മഡഗാസ്കറിലെത്തിയ ഫാ. പെദ്രോ മുപ്പതുവർഷം മുന്പ് സ്ഥാപിച്ച അകമസോവാ സംഘടനാ ആസ്ഥാനം സന്ദർശിച്ച മാർപാപ്പയ്ക്ക് ഉജ്വല വരവേല്പ് ലഭിച്ചു. ഫാ. പെദ്രോയുടെ സേവന പ്രവർത്തനങ്ങളിൽ മാർപാപ്പ സംതൃപ്തി രേഖപ്പെടുത്തി. 25000 പേർക്ക് ഫാ. പെദ്രോ വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. ആറു ഡിസ്പെൻസറികളും 100 സ്കൂളുകളും സ്ഥാപിച്ചു. അടുത്തവർഷം പാരാ മെഡിക്കൽ കോളജ് സ്ഥാപിക്കാനും പദ്ധതിയിട്ടുണ്ട്.
തലസ്ഥാന നഗരപ്രാന്തത്തിലുള്ള അകമസോവാ കേന്ദ്ര ത്തിൽ വസിക്കുന്ന കുടുംബങ്ങളെ മാർപാപ്പ സന്ദർശിച്ചു. ഇവിടെയുള്ള ക്വാറി സന്ദർശിച്ച് മാർപാപ്പ പ്രാർഥന നടത്തി. ഈ ക്വാറിയിൽനിന്നുള്ള കല്ലുകൾ ഉപയോഗിച്ചാണ് വീടുകളും മറ്റും നിർമിച്ചത്. നിരവധി പേർക്ക് ജോലി നൽകുന്ന ഈ ഗ്രാനൈറ്റ് ക്വാറിയിൽ ആണ്ടിൽ മൂന്നു പ്രാവശ്യം ഫാ. പെദ്രോ ദിവ്യബലി അർപ്പിക്കുന്നു.