ഇറാനെതിരേ കൂടുതൽ ഉപരോധം: ട്രംപ്
Wednesday, September 18, 2019 10:39 PM IST
വാഷിംഗ്ടൺ ഡിസി: സൗദി അരാംകോ കന്പനിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്ക് എതിരേ ആക്രമണം നടത്തിയതിന്റെ പേരിൽ ഇറാനെതിരേ ഉപരോധം ശക്തമാക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ട്രഷറി സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാനെതിരേ നേരത്തെ തന്നെ യുഎസ് ഉപരോധം നിലവിലുണ്ട്. പുതുതായി എന്തു തരത്തിലുള്ള ഉപരോധമാണ് ഏർപ്പെടുത്തുക എന്നതു സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ഇതിനിടെ അരാംകോയ്ക്ക് എതിരേ ആക്രമണത്തിന് ഉപയോഗിച്ച മിസൈലിന്റെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ ഇന്നലെ റിയാദിൽ സൗദി അധികൃതർ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
വടക്കുനിന്നാണ് ഈ മിസൈലുകൾ വന്നതെന്ന് സൗദി സൈനിക വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. ഇറാക്കും ഇറാനും സൗദിയുടെ വടക്കുഭാഗത്താണ്. ശനിയാഴ്ച അരാംകോയ്ക്കു നേർക്കു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൗതി ഷിയാ വിമതർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇറാനാണ് ആക്രമണത്തിനു പിന്നിലെന്നു യുഎസും സൗദിയും ആരോപിച്ചു. ആരോപണം ഇറാൻ നിഷേധിച്ചു. ഇറാനെതിരേ ആക്രമണത്തിനു തുനിഞ്ഞാൽ കനത്ത തിരിച്ചടി ഉണ്ടാവുമെന്നും മുന്നറിയിപ്പു നല്കി.
ഇറാന്റെ മേൽ കനത്ത സമ്മർദം ചെലുത്താനാണ് യുഎസും സൗദിയും ശ്രമിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. മേഖലയിൽ സംഘർഷത്തിന് ആഗ്രഹമില്ലെന്നും യെമനിലെ സംഘർഷം തുടങ്ങിവച്ചത് വാഷിംഗ്ടണും റിയാദും ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സൗദി ഭരണാധികാരികളുമായി ചർച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിനു തിരിച്ചിട്ടുണ്ട്.
യുഎൻ ജനറൽ അസംബ്ളി സമ്മേളനത്തിൽ ഇറാൻ പ്രസിഡന്റ് റുഹാനിയും വിദേശമന്ത്രി സരിഫും പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുണ്ട്. ഇരുവർക്കും ഇതുവരെ യുഎസ് വീസ നൽകിയിട്ടില്ല.