109 ഭീകരരെ വധിച്ചെന്ന് എർദോഗൻ
Friday, October 11, 2019 12:24 AM IST
അങ്കാറ: വടക്കൻ സിറിയയിലെ കുർദിഷ് തീവ്രവാദികൾക്ക് എതിരേ തുർക്കിയുടെ നേതൃത്വത്തിൽ ആരംഭിച്ച സൈനിക മുന്നേറ്റത്തിൽ ഇതിനകം 109 ഭീകരരെ വകവരുത്താനായെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ. ബുധനാഴ്ച ആരംഭിച്ച വ്യോമാക്രണത്തിനു പിന്നാലെ കരയാക്രമണവും തുടങ്ങിയെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ നിന്ന് ജനങ്ങൾ കൂട്ടപ്പലായനം തുടങ്ങി. അറുപതിനായിരം പേർ വീടുവിട്ടോടിയെന്ന് സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.
തുർക്കിയുടെ ആക്രമണത്തെ അപലപിച്ച ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു കുർദുകൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തുർക്കിയുടെ സൈനികനടപടിയെ എതിർക്കുന്നതു നല്ലതല്ലെന്ന് യൂറോപ്യൻ യൂണിയന് എർദോഗൻ താക്കീതു നൽകി. തുർക്കിയിൽ അഭയം തേടിയ സിറിയൻ അഭയാർഥികളെ യൂറോപ്പിലേക്ക് അയയ്ക്കുമെന്ന് എർദോഗൻ ഭീഷണി മുഴക്കി. 36ലക്ഷം അഭയാർഥികളാണു തുർക്കിയിലുള്ളത്.
എർദോഗനുമായി നടത്തിയ ഫോൺസംഭാഷണത്തെത്തുടർന്നു ഞായറാഴ്ച വടക്കൻ സിറിയയിൽനിന്നു യുഎസ് സൈനികരെ പിൻവലിക്കാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതിനെത്തുടർന്നാണ് തുർക്കി വൻ ആക്രമണത്തിനു മുതിർന്നത്. ഐഎസിന് എതിരായ പോരാട്ടത്തിൽ യുഎസിനെ സഹായിച്ച കുർദിഷ് പോരാളികൾക്കു പ്രാമുഖ്യമുള്ള എസ്ഡിഎഫിനെ കൈവിട്ട ട്രംപിന്റെ നടപടിക്ക് എതിരേ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
കുർദിഷ് പോരാളികളെ ഭീകരരായാണു തുർക്കി കാണുന്നത്. വടക്കൻ സിറിയയിൽ കുർദിഷ് മുക്ത സുരക്ഷാമേഖല സ്ഥാപിക്കാനും തുർക്കിയിലുള്ള സിറിയൻ അഭയാർഥികളിൽ കുറേപ്പേരെ ഇവിടെ പാർപ്പിക്കാനുമാണ് എർദോഗന്റെ പദ്ധതി.
ഇതേസമയം, കരയാക്രമണത്തിന് എതിരേ തങ്ങളുടെ സൈനികർ കനത്ത ചെറുത്തുനില്പാണു നടത്തുന്നതെന്ന് എസ്ഡിഎഫ് വക്താവ് പറഞ്ഞു.