ഭീകരരെ തുറന്നുവിട്ടത് കുർദുകളെന്നു ട്രംപ്
Tuesday, October 15, 2019 1:10 AM IST
വാഷിംഗ്ടൺ ഡിസി: വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് സ്വയംഭരണ മേഖലയിലെ തടങ്കൽ ക്യാന്പുകളിൽനിന്നു ഐഎസ് ഭീകരരെ കുർദുകൾ തുറന്നുവിടുകയാണെന്നു യുഎസ് പ്രസിഡന്റ് ട്രംപ് ആരോപിച്ചു. യുഎസ് സൈന്യത്തെ നിലനിർത്താൻ അമേരിക്കയെ പ്രേരിപ്പിക്കുകയാണ് കുർദുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സൈനികർ പിന്മാറിയതോടെ തുർക്കിസൈന്യം കുർദിഷ് മേഖലകളിൽ കനത്ത ആക്രമണം ആരംഭിച്ചിരിക്കുകയാണ്. യുദ്ധത്തിൽ ശ്രദ്ധിക്കേണ്ടതിനാൽ ഐഎസ് തടങ്കൽ ക്യാന്പുകൾക്കു കാവൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്ന് കുർദുകൾ പറഞ്ഞു.
വിദേശികളായ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളായ 900 പേർ കഴിഞ്ഞ ദിവസം ക്യാന്പുകളിൽനിന്നു രക്ഷപ്പെട്ടിരുന്നു. തുർക്കിയുടെ ആക്രമണത്തെത്തുടർന്നാണ് ഭീകരർ രക്ഷപ്പെട്ടതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു തുർക്കി നേതൃത്വം വ്യക്തമാക്കി. കുർദുകൾ ഒരു ക്യാന്പിലെ ആളുകളെ തുറന്നുവിടുകയായിരുന്നുവെന്നു തുർക്കി ആരോപിച്ചു.