ട്രംപിന്റെ കത്ത് എർദോഗൻ ചവറ്റുകൊട്ടയിൽ എറിഞ്ഞു
Thursday, October 17, 2019 10:50 PM IST
അങ്കാറ: കുർദുകളുമായി സന്ധിയുണ്ടാക്കാനും യുദ്ധം ഒഴിവാക്കാനും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപ് അയച്ച കത്ത് തുർക്കി പ്രസിഡന്റ് എർദോഗൻ ചവറ്റുകൊട്ടയിൽ എറിഞ്ഞെന്ന് സിഎൻഎൻ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒന്പത് തീയതിവച്ചെഴുതിയ കത്ത് വൈറ്റ്ഹൗസ് ഇന്നലെ പ്രസിദ്ധീകരണത്തിനു നൽകി.
വിഡ്ഢിത്തം കാണിക്കരുതെന്നും കടുംപിടിത്തം ഒഴിവാക്കണമെന്നും എർദോഗനോട് ട്രംപ് കത്തിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിനു സിവിലിയന്മാരെ കശാപ്പു ചെയ്യുന്ന നടപടിക്കു തുർക്കി മുതിർന്നാൽ വൻ സാന്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും കത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു
കത്ത് എർദോഗൻ ചവറ്റുകൊട്ടയിൽ എറിഞ്ഞെന്നു മിഡിൽ ഈസ്റ്റ് ഐയും ബിബിസിയും ഉൾപ്പെടെയുള്ള വാർത്താ മാധ്യമങ്ങളും പറഞ്ഞു.
വടക്കൻ സിറിയയിൽനിന്ന് യുഎസ് സൈനികരെ ട്രംപ് പിൻവലിച്ചതിനെത്തുടർന്നാണ് അവിടെയുള്ള കുർദുകൾക്ക് എതിരേ തുർക്കി ആക്രമണം തുടങ്ങിയത്. ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ യുഎസിനെ സഹായിച്ച കുർദിഷ് എസ്ഡിഎഫ് സൈനികരെ കൈവിട്ട ട്രംപിനെ നടപടി ഏറെ വിമർശനത്തിനിടയാക്കി. കുർദുകൾ മാലാഖമാരല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് കൈവിട്ട സാഹചര്യത്തിൽ ശത്രുവായ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ സഹായം സ്വീകരിക്കാൻ കുർദുകൾ നിർബന്ധിതമായി. റഷ്യൻ സൈനികരും കുർദിഷ് മേഖലയിൽ എത്തി.
അങ്കാറയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായി എർദോഗൻ ഇന്നലെ ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുർദിഷ് എസ്ഡിഎഫിനെ തുരത്തി സിറിയയ്ക്കുള്ളിൽ 32 കിലോമീറ്റർ പരിധിയിൽ സുരക്ഷിത മേഖല രൂപീകരിക്കാതെ ആക്രമണം നിർത്തില്ലെന്നു തുർക്കി വ്യക്തമാക്കി.
ഒന്പതു ദിവസം പിന്നിട്ട ആക്രമണത്തിൽ ഇതിനകം 18 കുട്ടികൾ ഉൾപ്പെടെ 218 സിവിലിയന്മാർക്കു ജീവഹാനി നേരിട്ടു. 650 പേർക്കു പരിക്കേറ്റെന്നും കുർദിഷ് ഭരണകൂടം അറിയിച്ചു.
ഇതിനിടെ സിറിയൻ സൈനികർ ഇന്നലെ തന്ത്രപ്രധാനമായ കോബാനിയിൽ സിറിയൻ പതാക ഉയർത്തി.