ചൈനക്കാരെ വിലക്കി റഷ്യ; കൊറോണ മരണം 2004
Thursday, February 20, 2020 12:16 AM IST
ബെയ്ജിംഗ്: കൊറോണ വൈറസ് രോഗം മൂലം മരിച്ചവരുടെ എണ്ണം 2004 ആയെന്നു ചൈനീസ് ആരോഗ്യകമ്മീഷൻ അറിയിച്ചു. രോഗബാധിതരുടെ സംഖ്യ 74185 ആണ്. ബുധനാഴ്ച റിപ്പോർട്ട് ചെയ്ത 136 മരണങ്ങളിൽ 132 എണ്ണവും ഹുബൈ പ്രവിശ്യയിലാണ്.
കൊറോണ രോഗ പ്രതിരോധ നടപടികളുടെഭാഗമായി ചൈനീസ് പൗരന്മാർക്ക് റഷ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തി. മോസ്കോ സമയം ഇന്ന് അർധരാത്രിമുതൽ അനിശ്ചിതകാലത്തേക്കാണു വിലക്കെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായൽ മിഷുസ്റ്റിൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ചൈനയുമായുള്ള അതിർത്തി നേരത്തെ തന്നെ റഷ്യ അടച്ചിരുന്നു.
ചൈനയിലേക്കുള്ള വിമാനസർവീസുകൾ റഷ്യ നിർത്തിവച്ചിരിക്കുകയാണ്.
ചൈനയിലേക്കും ഉത്തരകൊറിയയിലേക്കുമുള്ള ട്രെയിൻ സർവീസുകളും നിർത്തലാക്കി. റഷ്യയിലുള്ള ചൈനീസ് ജോലിക്കാരുടെ വീസ റദ്ദാക്കുകയും ചെയ്തു.
ഇതേസമയം യുഎസിൽ നിന്ന് മാസ്കുകളും മറ്റുമായി 16ടൺ പ്രതിരോധ സാമഗ്രികൾ ചൈനയിൽ എത്തിയതായി വിദേശമന്ത്രാലയ വക്താവ് ഗെങ് ഷുവാങ് അറിയിച്ചു. യുഎസ് തരാമെന്നേറ്റ പത്തുകോടി ഡോളറിന്റെ സഹായം എത്രയും വേഗം കിട്ടുമെന്നും ഗെങ് പ്രത്യാശിച്ചു.
കൊറോണ രോഗം വ്യാപകമായതിനെത്തുടർന്ന് ഈ മാസം എട്ടിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പത്തുകോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചത്. മറ്റു ചില രാജ്യങ്ങളും സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതും വൈകാതെ ലഭിക്കുമെന്ന് ഗെങ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കൊവിഡ്-19(കൊറോണ) പകർച്ച വ്യാധിക്ക് എതിരേയുള്ള പോരാട്ടത്തിൽ എല്ലാ രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും വിദേശമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി.