ലോകാരോഗ്യ സംഘടനയ്ക്കുള്ള തുക ട്രംപ് തടഞ്ഞുവച്ചു
Thursday, April 9, 2020 12:13 AM IST
വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്കിവരുന്ന തുക തടഞ്ഞുവയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നല്കി. കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന സംഘടനയുടെ നടപടിയിൽ പ്രതിഷേധിച്ചാണിതെന്നും വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ജനീവയിലുള്ള ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തേക്ക് വൻ തുക പലപ്പോഴായി കൈമാറിയിട്ടുണ്ട്. സംഘടനയുടെ പ്രവർത്തനങ്ങൾക്കായി ആറു കോടിയിലധികം ഡോളർ പലപ്പോഴായി നല്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക നല്കിയ രാജ്യവും അമേരിക്കയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമർശിച്ചെന്നും വൈറസ് വ്യാപനത്തിനു മുന്പ് ലഭിച്ച പല വിവരങ്ങളും മറച്ചുവച്ച് ചൈനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് സംഘടന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് വൈറസ് ഭീതി മറച്ചുവയ്ക്കാൻ ലോകാരോഗ്യ സംഘടന സഹായം നല്കിയിട്ടുണ്ട്. മാസങ്ങൾക്കുമുന്പേ ഈ മഹാമാരിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും രോഗവ്യാപനത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്നതിൽ സംഘടന പരാജയപ്പെട്ടു. അതിനാൽ, കോവിഡ് രോഗത്തെ ഡബ്ല്യുഎച്ച് ഒ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് വിദേശകാര്യ സെനറ്റ് കമ്മിറ്റിയുടെ ചെയർമാൻ ജിംഗ് റിഷ് നിർദേശം നല്കിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.