ലോക്ക് ഡൗൺ ലംഘന പ്രശ്നം: ബ്രിട്ടീഷ് മന്ത്രി രാജിവച്ചു
Tuesday, May 26, 2020 11:56 PM IST
ലണ്ടൻ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച മുതിർന്ന ഉപദേഷ്ടാവിനെ സംരക്ഷിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടിൽ പ്രതിഷേധിച്ച് ജൂണിയർ മന്ത്രി ഡഗ്ളസ് റോസ് രാജിവച്ചു.
ലോക്ക് ഡൗൺ നിലവിലിരിക്കേ ജോൺസന്റെ മുഖ്യ ഉപദേഷ്ടാവ് ഡോമിനിക് കമിംഗ്സും കുടുംബവും ലണ്ടനിൽനിന്ന് 400 കിലോമീറ്റർ ദൂരെയുള്ള ഡറാമിലേക്ക് യാത്ര ചെയ്തതാണ് പ്രശ്നമായത്. നാലു വയസുള്ള മകനെ കുടുംബവീട്ടിലാക്കാനാണു പോയതെന്നും താനും ഭാര്യയും രോഗബാധിതരായാൽ കുട്ടിയെ നോക്കാനാളില്ലാതാവുമെന്നതിനാലാണു യാത്ര ചെയ്തതെന്നും കമിംഗ്സ് വിശദീകരിച്ചു. സർക്കാർ നിർദേശം മാനിച്ച് എല്ലാവരും വീടിനുള്ളിൽ കഴിയുന്പോഴാണ് കമിംഗ്സ് നിയമം കാറ്റിൽപ്പറത്തി യാത്ര ചെയ്തതെന്നാണ് ആരോപണം. മാർച്ച് 31നു നടത്തിയ യാത്രയുടെ വിവരങ്ങൾ ഈയിടെയാണു പുറത്തുവന്നത്.
കക്ഷിഭേദമെന്യേ നിരവധി നേതാക്കൾ കമിംഗ്സിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി തന്റെ ഉപദേഷ്ടാവിനെ ന്യായീകരിക്കുകയും പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ ഗാർഡനിൽ പത്രസമ്മേളനം നടത്താൻ അനുവദിക്കുകയുമായിരുന്നു. പത്രസമ്മേളനത്തിലും ഖേദ പ്രകടനത്തിനു കമിംഗ്സ് തയാറായില്ല.
തന്റെ മണ്ഡലത്തിലെ പലരും ഏറെ പ്രയാസങ്ങൾ സഹിച്ചാണ് ലോക്ക് ഡൗൺ നിയമം പാലിച്ച് വീടുകളിൽ കഴിഞ്ഞു കൂടിയതെന്നു രാജിവച്ച മന്ത്രി റോസ് ചൂണ്ടിക്കാട്ടി.
രോഗബാധിതരായ ബന്ധുക്കളെ സന്ദർശിക്കാതെയും മരിച്ചവരുടെ സംസ്കാരത്തിൽ പങ്കെടുക്കാതെയുമാണ് അവർ ലോക്ക് ഡൗൺ നിയമം അനുസരിച്ചത്. ഇവരെല്ലാം മണ്ടന്മാരും ഒരു മുതിർന്ന ഉപദേഷ്ടാവ് മാത്രം ബുദ്ധിമാനുമാണെന്നു പറയാൻ തനിക്കാവില്ലെന്നു രാജിക്കത്തിൽ മന്ത്രി റോസ് ഡഗ്ളസ് പറഞ്ഞു. ഇത്തരം സന്ദർഭത്തിൽ ഏതു രക്ഷിതാവും ചെയ്യുന്ന കാര്യം മാത്രമേ കമിംഗ്സും ചെയ്തുള്ളുവെന്നായിരുന്നു ജോൺസന്റെ പ്രതികരണം.