കേരളത്തിൽ ഐഎസ് ഭീകരരുടെ വലിയ സാന്നിധ്യം: യുഎൻ റിപ്പോർട്ട്
Sunday, July 26, 2020 12:30 AM IST
ന്യുയോർക്ക്: കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികളുടെ വലിയ തോതിലുള്ള സാന്നിധ്യമുണ്ടെന്ന് യുഎൻ റിപ്പോർട്ട്.
മേഖലയിൽ ആക്രണം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘത്തിൽ ഇന്ത്യക്കുപുറമേ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നായി 150 നും 200 നും ഇടയിൽ ഭീകരർ ഉണ്ടെന്നാണു റിപ്പോർട്ട്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽക്വയ്ദ (എക്യുഐഎസ്) എന്നറിയപ്പെടുന്ന ഈ വിഭാഗത്തെ അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹെൽമന്ദ്, കാണ്ഡഹാർ മേഖലയിലുള്ള താലിബാനാണ് ഏകോപിപ്പിക്കുന്നത്. അസിം ഉമർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഉസാമ മെഹ്മൂദ് എന്നയാളാണ് സംഘടനയുടെ തലപ്പത്ത്.
അസിം ഉമറിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതിനുള്ള പദ്ധതികളാണ് സംഘം ആസൂത്രണം ചെയ്യുന്നതെന്നും ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തുടങ്ങിയവരുമായി ബന്ധമുള്ള വ്യക്തികളെക്കുറിച്ചു പറയുന്ന അനലറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26- ാമതു റിപ്പോർട്ടിൽ പറയുന്നു.
മേയ് പത്തിന് ഇന്ത്യയിൽ പുതിയ പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ് ഭീകരർ അവകാശപ്പെട്ടിരുന്നു. ഇതിൽ ഇരുനൂറുപേർ വരെ ഉണ്ടാകാമെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്.