അമേരിക്കൻ തലസ്ഥാനത്ത് തെരുവുയുദ്ധം
Monday, November 16, 2020 12:14 AM IST
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ അനുയായികൾ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ട്രംപിനെ എതിർക്കുന്നവരും റാലിയുമായി ഇറങ്ങുകയും ട്രംപിന്റെ അനുയായികളുമായി ഏറ്റുമുട്ടുകയും ചെയ്തപ്പോൾ വൈറ്റ്ഹൗസിനു സമീപം തെരുവുയുദ്ധം അരങ്ങേറി.
ട്രംപ് അനുകൂലികൾ ശനിയാഴ്ച സംഘടിപ്പിച്ച ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കൽ’ റാലിയിൽ ആയിരങ്ങളാണു പങ്കെടുത്തത്. ട്രംപിനു വീണ്ടും നാലുവർഷം കൂടി നല്കണമെന്ന മുദ്രാവാക്യം അവർ മുഴക്കി.
പകൽ സമാധാനപരമായിരുന്നെങ്കിലും രാത്രിയായപ്പോൾ ട്രംപ്വിരുദ്ധരും അനുയായികളും തമ്മിൽ വൈറ്റ്ഹൗസിനു സമീപം ഏറ്റുമുട്ടി. ഉന്തിനും തള്ളിനും പുറമേ വടികൾ ഉപയോഗിച്ചുള്ള ആക്രമണവുമുണ്ടായി. പോലീസ് ഇടപെട്ടാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.
ട്രംപ്വിരുദ്ധർ ട്രംപിന്റെ അനുയായികൾക്കു നേരേ മുട്ടകൾ വലിച്ചെറിയുകയും ബാനറുകളും തൊപ്പികളും പിടിച്ചെടുത്തു കത്തിക്കുകയും ചെയ്തു. ട്രംപ് അനുയായികൾ താമസിച്ചിരുന്ന ഒരു ഹോട്ടലിലേക്കു തള്ളിക്കയറാൻ ശ്രമിച്ച ട്രംപ് വിരുദ്ധർ പോലീസുമായി ഏറ്റുമുട്ടി.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു.