ജമാൽ ഖഷോഗിയെ പിടികൂടാനോ വകവരുത്താനോ മുഹമ്മദ് ബിൻ സൽമാൻ ഉത്തരവിട്ടു
Sunday, February 28, 2021 12:09 AM IST
വാഷിംഗ്ടൺ ഡിസി: വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിനു പിന്നിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൽ സൽമാൻ രാജകുമാരനാണെന്നു സ്ഥിരീകരിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് അമേരിക്ക പരസ്യപ്പെടുത്തി. ഖഷോഗിയെ പിടികൂടാനോ വകവരുത്താനോ ഉള്ള പദ്ധതിക്ക് അനുമതി നല്കിയത് മുഹമ്മദ് ബിൻ സൽമാനാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2017 മുതൽ സൗദിയുടെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ ആണെന്നും രാജകുമാരന്റെ ഉപദേഷ്ടാവ് ഓപ്പറേഷനിൽ നേരിട്ടു പങ്കെടുത്തെന്നും വിമതരെ അക്രമത്തിലൂടെ അടിച്ചമർത്തുന്നതാണ് രാജകുമാരന്റെ സ്വഭാവമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം റിപ്പോർട്ട് വ്യാജമാണെന്ന് പറഞ്ഞു സൗദി സർക്കാർ തള്ളിക്കളഞ്ഞു. സൗദിയുടെ നിലപാടിനു പിന്തുണ പ്രഖ്യാപിച്ച് യുഎഇ, ബഹ്റിൻ, കുവൈത്ത് എന്നീ അറബ് രാജ്യങ്ങളിലെ വിദേശമന്ത്രാലയങ്ങൾ പ്രസ്താവനയിറക്കി.
റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ, സൗദിയിലെ മുൻ ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അസീറി അടക്കമുള്ള മുഹമ്മദ് ബിൻ സൽമാന്റെ വിശ്വസ്തർക്കെതിരേ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ട്രഷറി വകുപ്പും ഉപരോധം പ്രഖ്യാപിച്ചു. എന്നാൽ, മുഹമ്മദ് ബിൻ സൽമാനെതിരെ ഒരു നടപടിയും പ്രഖ്യാപിക്കപ്പെട്ടില്ലെന്നതു ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ പരന്പരാഗതമിത്രമായ സൗദിയെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ പ്രതികൂട്ടിലാക്കുന്പോഴും ഒരു പരിധിയിൽ കൂടുതൽ പിണക്കേണ്ടന്ന നിലപാടാണ് യുഎസിലെ ബൈഡൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
മുഹമ്മദ് ബിൻ സൽമാന്റെ വിമർശകനായ ഖഷോഗി 2018 ഒക്ടോബറിൽ തുർക്കിയിലെ സൗദി കോൺസുലേറ്റിൽവച്ചാണു കൊല്ലപ്പെട്ടത്.
വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന അദ്ദേഹത്തെ സൗദിയിൽനിന്ന് നേരത്തേ എത്തിയ കൊളയാളി സംഘം വകവരുത്തി മൃതദേഹം നശിപ്പിച്ചുകളഞ്ഞു. 2017ൽ സൗദിയിൽനിന്നു പലയാനം ചെയ്ത ഖഷോഗി വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിൽ മുഹമ്മദ് ബിൻ സൽമാനെ വിമർശിച്ച് ലേഖനങ്ങളെഴുതിയിരുന്നു.