നവൽനിയുടെ അഭിഭാഷകൻ അറസ്റ്റിൽ
Saturday, May 1, 2021 12:26 AM IST
മോസ്കോ: ജയിലിലടയ്ക്കപ്പെട്ട റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ അഴിമതിവിരുദ്ധ സംഘടനയുടെ അഭിഭാഷകൻ ഇവാൻ പാവ്ലോവ് അറസ്റ്റിലായി. നവൽനിയുടെ ഫൗണ്ടേഷൻ ഫോർ ഫൈറ്റിംഗ് കറപ്ഷൻ സംഘടനയെ തീവ്രവാദ പ്രസ്ഥാനമായി പ്രഖ്യാപിച്ച് നിരോധിക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ അധികൃതർ കോടതിയിൽ ഹർജി നല്കിയതിനു പിന്നാലെയാണ് അറസ്റ്റ്. ഒരു പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പരസ്യപ്പെടുത്തിയെന്ന കുറ്റമാണു പാവ്ലോവിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചു.
മോസ്കോയിലെ ഹോട്ടലിൽനിന്നാണു പാവ്ലോവിനെ കസ്റ്റഡിയിലെടുത്തത്. സെന്റ് പീറ്റേഴ്സ്ബർഗുകാരനായ പാവ്ലോവ്, തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട റഷ്യൻ മാധ്യമപ്രവർത്തകൻ ഇവാൻ സഫ്രാനോവിനുവേണ്ടി കോടതിയിൽ ഹാജരാകാനാണു മോസ്കോയിലെത്തിയത്.