ഗാസയിലെ വെടിനിർത്തൽ : ഇസ്രയേലും ഈജിപ്തും ചർച്ച തുടരുന്നു
Monday, May 31, 2021 12:06 AM IST
കയ്റോ: ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഉറപ്പിക്കാൻ ഈജിപ്തിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുന്നു. 11 ദിവസത്തെ യുദ്ധം തകർത്ത ഗാസയുടെ പുനർനിമാണത്തിനായി ഇന്നലെ ഇരുരാജ്യങ്ങളും ഉന്നതതലചർച്ചകൾ നടത്തി.
ഇസ്രയേൽ വിദേശകാര്യമന്ത്രി ഗബി അഷ്കെനാസി ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി സമെ ഷുക്രിയെ കാണാണ് കയ്റോയിലെത്തി. പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇസ്രയേൽ വിദേശകാര്യമന്ത്രി പരസ്യമായി കയ്റോ സന്ദർശിക്കുന്നതെന്ന് ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2008നുശേഷമുള്ള ഒരു ഇസ്രേലി ഉന്നത നയതന്ത്രജ്ഞന്റെ ആദ്യ സന്ദർശനമാണ് അഷ്കെനാസിയുടേതെന്ന് ഇസ്രയേൽ എംബസിയും ട്വീറ്റ് ചെയ്തു. വെടിനിർത്തൽ സംബന്ധിച്ചും ഹമാസ് പിടിച്ചുവച്ചിരിക്കുന്ന ഇസ്രേലി സൈനികരുടെയും പൗരൻമാരുടെയും മോചനം സംബന്ധിച്ചും ചർച്ച നടന്നതായി എംബസി അറിയിച്ചു.
ഇതേസമയം, ഈജിപ്തിന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി അബ്ബാസ് കമെൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണാൻ ടെൽ അവീവിൽ എത്തി. റാമള്ളയിലെ പലസ്തീനിയൻ ഉദ്യോഗസ്ഥരുമായും അബ്ബാസ് ചർച്ച നടത്തി. ഗാസയുടെ പുനർനിർമാണമാണ് പ്രധാന ചർച്ചാവിഷയമെന്ന് ഈജിപ്ഷ്യൻ ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റാമള്ളയിൽ ഹമാസ് നേതാക്കളുമായും അബ്ബാസ് കമെൽ ചർച്ച നടത്തുമെന്നാണു റിപ്പോർട്ടുകൾ.
ജറുസലെമിലെ സാഹചര്യങ്ങളും ഈജിപ്ഷ്യൻ രഹസ്യാന്വേഷണവിഭാഗം മേധാവി വിലയിരുത്തും. അൽ അഖ്സ മോസ്ക് പരിസരത്തെ സംഘർഷം ലഘൂകരിക്കുന്നതും ഷെയ്ക് ജാറയിൽനിന്ന് പലസ്തീനിയൻ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതും ചർച്ചയാകും.
ഇസ്രയേലും ഹമാസും തമ്മിലുണ്ടായ യുദ്ധത്തിൽ 250ൽ ഏറെ പേർ കൊല്ലപ്പെട്ടതായാണു കണക്ക്. ഇതിൽ കൂടുതലും പലസ്തീനികളാണ്. വെടിനിർത്തൽ പ്രാബല്യത്തിലാക്കുന്നതിൽ ഈജിപ്താണു പ്രധാന പങ്കുവഹിച്ചത്. ഗാസയുടെ പുനർനിർമാണത്തിന് സാന്പത്തിക സഹായവും ഈജിപ്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്.