വാക്സിൻ, ചൈനാ നയം, നികുതി: ജി 7ൽ ധാരണ
Monday, June 14, 2021 12:40 AM IST
കാർബിസ് ബേ (ഇംഗ്ലണ്ട്): 100 കോടി ഡോസ് കോവിഡ് വാക്സിൻ ശേഖരിക്കാനും കോർപറേറ്റ് നികുതിയിൽ മാറ്റം വരുത്താനും ചൈനയ്ക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കാനും ജി 7 ഉച്ചകോടിയിൽ ധാരണയായി. ചൈനയുടെ വിപണി വിരുദ്ധ സാന്പത്തിക നീക്കങ്ങൾക്കും ഷിൻജിയാംഗ്, ഹോങ്കോംഗ് മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ പേരാടാനും സാന്പത്തിക വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരേ ഒറ്റക്കെട്ടായി നിൽക്കാനും ലോകനേതാക്കൾ ധാരണയായി. തെക്ക് പടിഞ്ഞാറാൻ ഇംഗ്ലണ്ടിൽ മൂന്നു ദിവസമായി നടന്നിരുന്ന സമ്മേളനം ഇന്നലെ അവസാനിച്ചു.
നേതാക്കൾ തമ്മിൽ മികച്ച ഐക്യം കാണാൻ സാധിച്ചതായി ഉച്ചകോടിയുടെ അവസാനം പ്രസംഗിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ജി 7 ചേർന്നത്.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയശേഷം ചേർന്ന ലോകനേതാക്കളുടെ ആദ്യ സമ്മേളനമായിരുന്നു ജി 7. കോവിഡ് പ്രതിരോധത്തിനായി യുഎസ് 50 കോടി വാക്സിൻ നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിൻപറ്റിയാണ് 100 കോടി ഡോസ് വാക്സിൻ ശേഖരിക്കുമെന്ന് ജി 7ൽ പ്രഖ്യാപനമുണ്ടായത്. 15 ശതമാനം കോർപറേറ്റ് നികുതി പിരിക്കുന്നതിലും ചൈനാ നിലപാടിലും ജി 7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, യുഎസ് തമ്മിൽ ധാരണയായി.