നൈജീരിയയിൽ പാസ്റ്ററെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Thursday, July 29, 2021 11:50 PM IST
അബുജ: നൈജീരിയയിൽ പാസ്റ്ററെ ഫുലാനി ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ(ഇസിഡബ്ല്യുഎ) പാസ്റ്റർ റവ. ഡാൻലാമി യാക് വോയി ആണു കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുന്പായിരുന്നു പാസ്റ്ററെയും രണ്ടു മക്കളെയും മരുമകനെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. കോഗി സംസ്ഥാനത്തെ തവാരിയിൽ യാത്ര ചെയ്യവേയായിരുന്നു ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോയത്.
പാസ്റ്ററുടെ മക്കളിലൊരാളെ ജൂലൈ 25നു ഭീകരർ വിട്ടയച്ചു. മകനാണ് പാസ്റ്റർ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ക്രൂരമായ മർദനത്തെത്തുടർന്നാണു പാസ്റ്റർ മരിച്ചതെന്നു സഭാ സെക്രട്ടറി മൂസ ഷെക് വോലോ പറഞ്ഞു.
ക്രൈസ്തവർ ഏറ്റവും അധികം പീഡനം നേരിടുന്ന രാജ്യമാണു നൈജീരിയ. 18 വർഷത്തിനിടെ 50,000നും 70,000 ഇടയിൽ ക്രൈസ്തവരെയാണു ഇസ് ലാമിക ഭീകരർ കൊന്നൊടുക്കിയത്. 20 ലക്ഷം ക്രൈസ്തവർ രാജ്യത്തു പലായനം ചെയ്തു.