വേദനിക്കുന്നവരോടുള്ള സഹാനുഭൂതി വ്യാകുലമാതാവ് നമ്മെ പഠിപ്പിക്കുന്നു: മാർപാപ്പ
Wednesday, September 15, 2021 11:47 PM IST
ബ്രാറ്റിസ്ലാവ: വ്യാകുലമാതാവ് വേദനിക്കുന്നവരോടുള്ള സഹാനുഭൂതി നമ്മെ പഠിപ്പിക്കുന്നുവെന്നു ഫ്രാൻസിസ് മാർപാപ്പ. സ്ലൊവാക്യയിലെ സാസ്റ്റിൻ പട്ടണത്തിലെ വ്യാകുലമാതാവിന്റെ തീർഥാടനകേന്ദ്രത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനമധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളോടുള്ള പ്രസംഗത്തിൽ, നിർഭയരായി സ്വപ്നം കാണാൻ മാർപാപ്പ ആഹ്വാനം ചെയ്തു. സന്പൂർണസ്നേഹമാണു നമ്മുടെ ലക്ഷ്യം. അതു വെറും വികാരമോ അനുഭൂതിയോ അല്ല, മറിച്ച് വിശ്വസ്തതയും ദാനവും ഉത്തരവാദിത്വവുമാണ്-അദ്ദേഹം പറഞ്ഞു.
1564 മുതലാണു സാസ്റ്റിനിൽ മാതൃഭക്തി വളർന്നുവന്നത്. സ്ലൊവാക്യയുടെ ദേശീയ മധ്യസ്ഥയാണു വ്യാകുലമാതാവ്. 1927ൽ പതിനൊന്നാം പിയൂസ് മാർപാപ്പയാണു ദേശീയ മധ്യസ്ഥയായി പ്രഖ്യാപിച്ചത്.
നാലു ദിവസത്തെ സ്ലൊവാക്യൻ സന്ദർശനത്തിനുശേഷം മാർപാപ്പ ഇന്നലെ റോമിലേക്കു മടങ്ങി.