ബഹികാരാശം ചുറ്റിയടിച്ച് നാൽവർ സംഘം
Thursday, September 16, 2021 11:56 PM IST
മയാമി: അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കന്പനിയും ബഹിരാകാശ ടൂറിസം ആരംഭിച്ചു. സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സൂളിൽ നാലു യാത്രികർ ബഹിരാകാശത്ത് എത്തി. 575 കിലോമീറ്റർ ഉയരത്തിൽ മൂന്നു ദിവസം ഭൂമിയെ ചുറ്റിയിട്ടേ ഇവർ മടങ്ങിവരൂ.
ശതകോടീശ്വരനായ ജാരദ് ഐസക്സൺ(38), ആരോഗ്യപ്രവർത്തക ഹെയ്ലി ആർസെനോക്സ്(29), ഡേറ്റാ എൻജിനിയറായി ജോലി ചെയ്യുന്ന ക്രിസ് സെബ്രോസ്കി(42), കോളജ് അധ്യാപകനായ സിയാൻ പ്രോക്ടർ (51) എന്നിവരാണു യാത്രികർ. എല്ലാവരും അമേരിക്കക്കാരാണ്.
ഐസക്സൺ ആണു മറ്റുള്ളവരുടെ ചെലവ് വഹിക്കുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ ഗലാറ്റിക്, ആമസോൺ മേധാവി ജഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ എന്നീ സ്ഥാപനങ്ങൾ ജൂലൈയിൽ ബഹിരാകാശ യാത്ര വിജയകരമായി നടത്തിയിരുന്നു. ഇവരുടെ പേടകങ്ങൾ ഭൂമിയിൽനിന്നു നൂറു കിലോമീറ്ററിനടുത്ത് ഉയരത്തിൽ എത്തി ഉടൻതന്നെ മടങ്ങുകയായിരുന്നു.
സ്പേസ് എക്സ് പേടകം അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽനിന്ന്(ഭൂമിയിൽനിന്ന് ശരാശരി 420 കിലോമീറ്റർ ഉയരെ) 160 കിലോമീറ്റർ ഉയരത്തിലാണെത്തിയിരിക്കുന്നത്. പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളല്ലാത്ത സാധാരണക്കാർ ഭൂമിയെ ചുറ്റുന്നതും ആദ്യമാണ്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിലാണു ഡ്രാഗൺ പേടകം വിക്ഷേപിച്ചത്.