അജയ്യ സൈന്യം കെട്ടിപ്പടുക്കാൻ കിമ്മിന്റെ ആഹ്വാനം
Tuesday, October 12, 2021 11:20 PM IST
സിയൂൾ: യുഎസ് പ്രസിഡന്റിനെ തകർക്കുന്ന രീതിയിലുള്ള അജയ്യ സൈന്യത്തെ കെട്ടിപ്പടുക്കണമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. യുഎസിൽ ആണവാക്രമണം നടത്താൻ ശേഷിയുള്ള മിസൈൽ നിരീക്ഷിച്ചശേഷം തിങ്കളാഴ്ചയാണു കിം വിവാദ പ്രസ്താവന നടത്തിയത്.
വർക്കേഴ്സ് പാർട്ടിയുടെ 76-ാം ജന്മവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണകൊറിയയെയും സൈന്യം ഉന്നം വയ്ക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
തെറ്റായ മുൻവിധിയോടെ യുഎസ് മേഖലയിൽ അശാന്തി പടർത്തുകയാണ്. വെല്ലുവിളിക്കാൻ എല്ലാവരും ഭയക്കുന്ന രീതിയിലുള്ള അജയ്യ സൈന്യത്തെ കെട്ടിപ്പടുക്കണമെന്നും കിം പറഞ്ഞു.
ഞായാറാഴ്ചയായിരുന്നു വർക്കേഴ്സ് പാർട്ടിയുടെ ജന്മവാർഷികം. 2011 നു ശേഷം ആദ്യമായാണു പാർട്ടി ജന്മവാർഷികത്തിൽ ഉത്തരകൊറിയൻ സൈന്യം എക്സിബിഷൻ സംഘടിപ്പിക്കുന്നത്. മിസൈലുകളും റോക്കറ്റുകളും നിരീക്ഷിക്കുന്ന കിമ്മിന്റെ ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടിട്ടുണ്ട്.
അടുത്തിടെ ഉത്തരകൊറിയ പരീക്ഷണം നടത്തിയ ബാലിസ്റ്റിക് മിസൈലുകളും പ്രദർശിപ്പിച്ചിരുന്നതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരീക്ഷണം നടത്താത്ത ഐസിബിഎം മിസൈലും ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നതായി ദക്ഷിണകൊറിയൻ ഹന്നാം യൂണിവേഴ്സിറ്റി പ്രഫസർ വാംഗ് വോക്ക് പറഞ്ഞു.
അന്തർവാഹിനിയിൽനിന്നും ട്രെയിനിൽനിന്നും വിക്ഷേപിക്കാൻ സാധിക്കുന്ന ബാലിസ്റ്റിക് മിസൈലുകളും പ്രദശിപ്പിച്ചതായി ദക്ഷിണകൊറിയ വെളിപ്പെടുത്തി.
പുതിയ ആയുധങ്ങൾ നിർമിക്കുന്നുണ്ടെന്നും സൈനികമായി ശക്തരാണെന്നും കാണിക്കുന്നതിനായാണ് ഉത്തരകൊറിയ ഇത്തരം എക്സിബിഷനുകളും പരേഡുകളും നടത്തുന്നത്.