യുഎസിന്റേതടക്കം 10 അംബാസഡർമാരെ പുറത്താക്കാൻ എർദോഗന്റെ ഉത്തരവ്
Monday, October 25, 2021 1:09 AM IST
അങ്കാറ: ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകൻ ഒസ്മാൻ കവാലയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ട യുഎസ് അടക്കമുള്ള പത്തു പാശ്ചാത്യ രാജ്യങ്ങളിലെ അംബാസഡർമാരെ പുറത്താക്കാൻ ഉത്തരവിട്ടതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.
ഇതിനുവേണ്ട നടപടികൾക്കു തുടക്കംകുറിക്കാൻ വിദേശകാര്യമന്ത്രാലയത്തിനു നിർദേശം നല്കി. തുർക്കിയെ മനസിലാകാത്തവർ തുർക്കിയിൽ പ്രവർത്തിക്കേണ്ടെന്ന് എർദോഗൻ കൂട്ടിച്ചേർത്തു. അതേസമയം, പുറത്താക്കലിന് എർദോഗൻ തീയതി പ്രഖ്യാപിച്ചിട്ടില്ല.
യുഎസ്, ജർമനി, കാനഡ, ഡെൻമാർക്ക്, ഫിൻലാന്ഡ്, ഫ്രാൻസ്, നെതർലാൻഡ്സ്, ന്യൂസിലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ അംബാസഡർമാരാണു തിങ്കളാഴ്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
2013ലെ പ്രക്ഷോഭം, 2016ലെ പരാജയപ്പെട്ട അട്ടിമറിശ്രമം എന്നിവയിൽ പങ്കുണ്ടെന്നാരോപിച്ച് 2017ലാണ് ഒസ്മാൻ കവാലയെ എർദോഗന്റെ സർക്കാർ അറസ്റ്റ് ചെയ്തത്.
അംബാസഡർമാരെ പുറത്താക്കുന്നതു തുർക്കിയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കും. പത്തിൽ ഏഴ് അംബാസഡർമാരും തുർക്കി ഉൾപ്പെട്ട നാറ്റോ സൈനികശക്തിയിൽ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളാണ്. തുർക്കി സർക്കാരിന്റെ ഉത്തരവു ലഭിച്ചിട്ടില്ലെന്നാണു ചില രാജ്യങ്ങുടെ എംബസികൾ പ്രതികരിച്ചത്. തുർക്കിക്കു ശക്തമായ തിരിച്ചടി നല്കണമെന്ന അഭിപ്രായം ജർമനിക്കുള്ളതായി റിപ്പോർട്ടുണ്ട്.
2019ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി കവാലയെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഉത്തരവു മാനിക്കാൻ തുർക്കി തയാറാകണമെന്നു യൂറോപ്പിലെ പരമോന്നത മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ്പ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറാവാത്ത പക്ഷം തുർക്കിക്കെതിരേ കൗൺസിൽ അച്ചടക്കനടപടിക്കു മുതിർന്നേക്കും.