ഫിലിപ്പീൻസിൽ വീണ്ടും മാർക്കോസ് യുഗം
Tuesday, May 10, 2022 12:52 AM IST
ജോസഫ് അലക്സാണ്ടർ
മനില: മുൻ പ്രസിഡന്റും ഏകാധിപതിയുമായിരുന്ന ഫെർഡിനാൻഡ് മാർക്കോസിന്റെ മകൻ "ബോങ് ബോങ്’ എന്നറിയപ്പെടുന്ന ഫെർഡിനാൻഡ് മാർക്കോസ് ജൂണിയർ അനിഷേധ്യമായ ഭൂരിപക്ഷത്തോടെ ഫിലിപ്പീൻസിന്റെ പ്രസിഡന്റ് പദത്തിലേക്ക്. ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ തൊട്ടടുത്ത എതിരാളിയേക്കാൾ ഒരു കോടിയിലധികം ഭൂരിപക്ഷം നേടി അദ്ദേഹം മാർക്കോസ് യുഗത്തിന് വീണ്ടും വഴിയൊരുക്കി.
ഏകദേശം 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, ഇലക്ഷൻ കമ്മീഷന്റെ അനൗദ്യോഗിക കണക്കുകൾ പ്രകാരം, മാർക്കോസ് 2.7 കോടി വോട്ടുകൾ നേടി. തൊട്ടടുത്ത എതിരാളിയും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ ലെനി റോബർദോ 1 .3 കോടി വോട്ടുകൾ നേടി. ഔദ്യോഗിക പ്രഖ്യാപനം നാളെയോ മറ്റന്നാളോ മാത്രമേ ഉണ്ടാകൂ.
കനത്ത സുരക്ഷയ്ക്കിടെ പ്രാദേശിക സമയം രാവിലെ ആറിനു തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ഏഴോടെ സമാധാനപരമായി അവസാനിച്ചു. 6.9 കോടി വോട്ടർമാരിൽ 80 ശതമാനത്തിലധികം ആളുകൾ കോവിഡ് പരിമിതികൾ അവഗണിച്ചു വോട്ട് ചെയ്തു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, 12 സെനറ്റർമാർ, 315 കോൺഗ്രസ് അംഗങ്ങൾ എന്നീ സ്ഥാനങ്ങൾ കൂടാതെ, മേയർമാർ , ഗവർണർമാർ, 18000 -പരം പ്രാദേശിക അധികാര സ്ഥാനങ്ങൾ എന്നിവയിലേക്കും തെരഞ്ഞെടുപ്പു നടന്നു.
സർവേകളിൽ മാർക്കോസ് കാഴ്ചവച്ച മുന്നേറ്റം വോട്ടെണ്ണലിലും പ്രതിഫലിച്ചു. സർവേകളിൽ 60 ശതമാനം വരെ വോട്ടുകൾ നേടിയ മാർക്കോസ് തുടക്കം മുതൽ ശക്തമായ ലീഡ് കരസ്ഥമാക്കി. പ്രചാരണത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും, വോട്ടിൽ ലെനി വളരെ പിന്നിലായി.
ഫിലിപ്പീൻസുകാരുടെ സ്വന്തം കായിക ദൈവമായ മുൻ ബോക്സിംഗ് ലോകചാമ്പ്യൻ മാനി പക്വിയാവോ മൂന്നാം സ്ഥാനത്തും മനില സിറ്റി മേയറും സിനിമാതാരവുമായ ഇസ്കോ മൊറേനോ നാലാംസ്ഥാനത്തും എത്തി. പത്തു പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാർക്കോസിന്റെ കൂട്ടാളിയും ഇപ്പോഴത്തെ പ്രസിഡന്റിന്റെ മകളുമായ സാറ ഡുട്ടർതെയും വലിയ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചു.
ദവാവോ സിറ്റി മേയർ ആയ സാറയിലൂടെ ഡുട്ടർതെ യുഗവും തുടരും എന്നുറപ്പായി. മത്സരിച്ച ഒൻപതു പേരിൽ, കിക്കോ പാൻഗ്ലിൻ രണ്ടാം സ്ഥാനത്തെത്തി. ഭരണകക്ഷിയായ ഫെഡറൽ പാർട്ടിയുടെ സ്ഥാനാർഥിയായ 64-കാരൻ മാർക്കോസ് ജൂണിയർ, 1980-ൽ വൈസ് ഗവർണർ ആയി ഇരുപത്തിമൂന്നാം വയസിൽ പൊതു പ്രവർത്തനം തുടങ്ങി. 12 വർഷം ഗവർണറായും ആറു വർഷം കോൺഗ്രസ് അംഗമായും 2010 മുതൽ 2016 വരെ സെനറ്ററായും പ്രവർത്തിച്ചു.
ഫിലിപ്പീൻസ് കണ്ട ഏറ്റവും കുപ്രസിദ്ധനും അഴിമതിക്കാരനും ധൂർത്തനും ഏകാധിപതിയുമായ അച്ഛന്റെ കരിനിഴൽ അതിജീവിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മാർക്കോസ് ജൂണിയർ നേരിട്ട ഏറ്റവും വലിയ കടമ്പ. ശക്തമായ സോഷ്യൽ മീഡിയ പ്രചാരത്തിലൂടെയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി വോട്ടു ചോദിച്ചും ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാരെ അദ്ദേഹം കൂടെ നിർത്തി.