വെസ്റ്റ്ബാങ്കിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു
Thursday, May 12, 2022 1:19 AM IST
ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന നടത്തിയ സൈനികനീക്കത്തിനിടെ അൽ ജസീറ ചാനലിന്റെ മുതിർന്ന മാധ്യമപ്രവർത്തക ഷിരീൻ അബു അഖ്ല(51) വെടിയേറ്റു കൊല്ലപ്പെട്ടു.
ജറൂസലെമിലെ അൽ ഖുദ്സ് ദിനപത്രത്തിന്റെ റിപ്പോർട്ടർ അലി സമോദിക്കു വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തു. ഇസ്രേലി സേനയാണു മരണത്തിന് ഉത്തരവാദിയെന്ന് അൽജസീറ ആരോപിച്ചു.
ഇസ്രേലി സേന ജനിനിലെ അഭയാർഥി ക്യാന്പിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദിക ളുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
ഹെൽമറ്റും മാധ്യമപ്രവർത്തക എന്നു രേഖപ്പെടുത്തിയ മേൽക്കുപ്പായവും അണിഞ്ഞിരുന്ന ഷിരീന്റെ ചെവിക്കു താഴെയാണു വെടിയേറ്റത്; അലി സമോദിയുടെ പിറകിലും. തീവ്രവാദികൾ കണ്ണിൽ കണ്ടവർക്കു നേർക്കു നിറയൊഴിച്ചപ്പോൾ മാധ്യമപ്രവർത്തകർക്കു വെടിയേൽക്കുകയായിരുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി നഫ് താലി ബെന്നറ്റ് പറഞ്ഞു.
സത്യം പുറത്തുകൊണ്ടുവരാൻ സംയുക്ത അന്വേഷണത്തിനു തയാറാണെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേലാണു മരണത്തിനു പൂർണ ഉത്തരവാദിയെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആരോപിച്ചു.
മാധ്യമപ്രവർത്തകയുടെ മരണത്തിനുശേഷം ഏതാനും മണിക്കൂറുകൾക്കകം ജറുസലെം ഓൾഡ് സിറ്റിയിൽവച്ച് ഇസ്രേലി പോലീസുകാരെ കഠാരകൊണ്ട് ആക്രമിക്കാൻ ശ്രമിച്ച ഒരു ഭീകരനെ പോലീസ് വെടിവച്ചു വീഴ്ത്തുകയുണ്ടായി.
മതമുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് അയാൾ കഠാരയുമായി പോലീസുകാരുടെ നേരേ പാഞ്ഞടുക്കുകയായിരുന്നു. ഓൾഡ് സിറ്റിയിലെ കോട്ടൺ മർച്ചെന്റ്സ് ഗേറ്റിനു സമീപത്തായിരുന്നു സംഭവം.