ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക്
Tuesday, October 4, 2022 12:21 AM IST
ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ലൂയിസ് ഇനാകിയോ ലുല ഡസിൽവയ്ക്ക് 50 ശതമാനം വോട്ട് നേടാനായില്ല. 50 ശതമാനം വോട്ട് നേടിയാൽ മാത്രമേ ബ്രസീലിൽ ഒരാളെ വിജയിയായി പ്രഖാപിക്കൂ.
അതിനാൽ ഒക്ടോബാർ 30നു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് വിജയിയെ അറിയാനാകൂ. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 99.6 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ലുലയ്ക്ക് 48.3 ശതമാനം വോട്ടും നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷക്കാരനുമായ ജയ്ർ ബോൽസോനാരോയ്ക്ക് 43.3 ശതമാനം വോട്ടും കിട്ടി.
ലുല 50 ശതമാനം വോട്ട് നേടുമെന്ന് അഭിപ്രായസർവേകൾ പ്രവചിച്ചിരുന്നു. അഭിപ്രായസർവേകളുടെ പ്രവചനത്തേക്കാൾ മികച്ച പ്രകടനം നടത്താൻ ബോൽസോനാരോയ്ക്കു കഴിഞ്ഞു. 2003 മുതൽ 2010വരെയാണു ലുല ബ്രസീൽ പ്രസിഡന്റായിരുന്നത്.