ഇന്ത്യയുമായി പുതിയ സ്വതന്ത്രവ്യാപാരക്കരാർ: സുനാക്
Tuesday, November 29, 2022 11:50 PM IST
ലണ്ടൻ: ഇന്ത്യയുമായി പുതിയ സ്വതന്ത്ര വ്യാപാരക്കരാർ നടപ്പാക്കുമെന്നും ഇന്തോ-പസഫിക് മേഖലയിൽ കൂടുതൽ സഹകരണം വർധിപ്പിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം സുനാക് ആദ്യമായാണ് രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നത്.
നിലവിലെ നയത്തിൽനിന്ന് മാറി, സ്വതന്ത്രവും തുറന്നതുമായ സമീപനം സ്വീകരിക്കുമെന്ന് ഇന്ത്യൻ വംശജനായ സുനാക് പറഞ്ഞു. ചൈനയെ മാത്രം കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിൽനിന്ന് ബ്രിട്ടൻ പിന്നോട്ടു പോകുമെന്നാണു സുനാക് നൽകുന്ന സൂചന.
രാഷ്ട്രീയത്തിൽ എത്തുന്നതിനു മുന്പ്, വ്യാപാരത്തിലായിരുന്നു തന്റെ നിക്ഷേപമെന്നും ഇന്തോ-പസഫിക് മേഖലയിലെ അവസരം ശ്രദ്ധിക്കേണ്ടതാണെന്നും സുനാക് പറഞ്ഞു. 2050 -ഓടെ ആഗോള വളർച്ചയുടെ പകുതി ഈ മേഖലയിൽനിന്നായിരിക്കും.
അതിനാൽ, ഇന്ത്യയുമായും ഇന്തോനേഷ്യയുമായും പുതിയ സ്വതന്ത്രവ്യാപാരക്കരാറുകളിൽ ഏർപ്പെടുമെന്നും സുനാക് പറഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് സ്വതന്ത്ര വ്യാപാരക്കരാറിനായി ജനുവരിയിൽ ചർച്ചയാരംഭിച്ചു. കഴിഞ്ഞ ദീപാവലിയിൽ കരാറിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല.