തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണം 2,300
Tuesday, February 7, 2023 1:03 AM IST
അസ്മാരിൻ(സിറിയ): തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 2,300 പേർ മരിച്ചു. ആയിരങ്ങൾക്കു പരിക്കേറ്റു. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
തിങ്കളാഴ്ച വെളുപ്പിനായിരുന്നു റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം നാശം വിതച്ചത്. തുർക്കിയിലെ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെ വീണ്ടും വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് എകിനോസു പട്ടണത്തിനു സമീപമുണ്ടായത്.
മരണം ഏറെയും സംഭവിച്ചതു തുർക്കിയിലാണ്. നൂറുകണക്കിനാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായി രക്ഷാപ്രവർത്തകരും പ്രദേശവാസികളും തെരച്ചിൽ നടത്തിവരികയാണ്. തകർന്നുവീണ കെട്ടിടങ്ങളുടെ കൂന്പാരമാണ് എവിടെയും. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ഭൂചലനം. തുർക്കിയിലെ ഇസ്കന്ദെരനിൽ ഒരു ആശുപത്രി ഭൂചലനത്തിൽ തകർന്നു. ആശുപത്രിയിലുണ്ടായിരുന്ന നവജാതശിശുക്കളെയും രോഗികളെയും സിറിയയിലേക്കു മാറ്റി. ഭൂചലനം നാശം വിതച്ച മേഖലയിലെ പരിമിതമായ ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
സിറിയയിൽ ആഭ്യന്തരയുദ്ധംമൂലം ജനം നരകയാതന അനുഭവിച്ചിരുന്ന പ്രദേശത്താണു ഭൂചലനം നാശം വിതച്ചത്. സർക്കാർ അനുകൂല പ്രദേശം, പ്രതിപക്ഷ സ്വാധീന പ്രദേശം എന്നിങ്ങനെ മേഖല രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇവിടത്തെ സംഘർഷത്തിൽ അഭയാർഥികളായ ലക്ഷങ്ങളാണു തുർക്കിയുടെ പ്രദേശത്ത് എത്തിയിരിക്കുന്നത്. സർക്കാരിന്റെയും വിമതരുടെയും അധീനതയിലുള്ള പ്രദേശങ്ങളിൽ ഭൂചലനം നാശം വിതച്ചു. രണ്ടിടത്തും നൂറുകണക്കിനു പേർ മരിച്ചു.
പ്രതിപക്ഷ സ്വാധീനമേഖല, സിറിയയുടെ മറ്റു ഭാഗങ്ങളിൽനിന്നെത്തിയ 40 ലക്ഷം പേരാൽ നിറഞ്ഞിരിക്കുകയായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും, നേരത്തേ ബോംബിംഗിൽ തകർന്ന കെട്ടിടങ്ങളിലും താത്കാലിക ക്യാന്പുകളിലുമായിരുന്നു താമസിച്ചിരുന്നത്. ഈ കെട്ടിടങ്ങളെല്ലാം ഭൂചലനത്തിൽ തകർന്നടിഞ്ഞ നിലയിലാണ്. നൂറുകണക്കിനു പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ അക്ഷീണപ്രയത്നം നടത്തിവരികയാണ്.
തുർക്കിയുടെ അതിർത്തിയിൽ സിറിയൻവിമതരുടെ അധീനതയിലുള്ള അസ്മാരിൻ എന്ന ചെറുപട്ടണത്തിൽ മരിച്ചനിലയിൽ അനേകം കുട്ടികളെ ആശുപത്രിയിലെത്തിച്ചത് ഹൃദയഭേദക കാഴ്ചയായി.
ഇന്ത്യ സഹായമെത്തിക്കും
ന്യൂഡൽഹി: തുർക്കിയിലേക്കു ഇന്ത്യ ദേശീയ ദുരന്തനിവാരണ സേനയെ അയയ്ക്കും. ഡോക്ടർമാരുടെ സംഘത്തേയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികളും അയയ്ക്കുമെന്നു കേന്ദ്രസർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണിത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
ദേശീയ ദുരന്തനിവാരണ സേനയുടെ നൂറുപേർ വീതമുള്ള രണ്ടു സംഘത്തെയും വിദഗ്ധ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെയുമാണു തുർക്കിയിലേക്ക് അയയ്ക്കുന്നത്. യോഗത്തിൽ കാബിനറ്റ് സെക്രട്ടറിമാർ, ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.