മുഷറഫിന്റെ മൃതദേഹം കറാച്ചിയിൽ കബറടക്കി
Tuesday, February 7, 2023 10:32 PM IST
കറാച്ചി: പാക്കിസ്ഥാനിലെ മുൻ പട്ടാള ഏകാധിപതി ജനറൽ പർവേസ് മുഷറഫിന്റെ മൃതദേഹം ഇന്നലെ കറാച്ചിയിലെ ആർമി കന്റോൺമെന്റ് മേഖലയിലുള്ള ഓൾഡ് ആർമി ശ്മശാനത്തിൽ കബറടക്കി.
1999ലെ കാർഗിൽ യുദ്ധത്തിന്റെ ശില്പിയും പാക്കിസ്ഥാനിലെ അവസാന പട്ടാള ഏകാധിപതിയുമായ മുഷറഫ് ദുബായിൽ ഞായറാഴ്ചയാണ് അന്തരിച്ചത്.
പാക്കിസ്ഥാനിലെ ക്രിമിനൽ വിചാരണ ഒഴിവാക്കാനായി 2016 മുതൽ ദുബായിൽ കഴിഞ്ഞ അദ്ദേഹം അസുഖബാധിതനായിരുന്നു.
യുഎഇ ഒരുക്കിയ പ്രത്യേക വിമാനത്തിലാണു മൃതദേഹം പാക്കിസ്ഥാനിലെത്തിച്ചത്. ഭാര്യ സാബായും മറ്റു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
പൂർണ സൈനിക ബഹുമതികളോടെയാണ് മുഷാറഫിനെ അടക്കം ചെയ്തതെന്ന് പാക്കിസ്ഥാനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുണ്ടായില്ല.