പാർലമെന്റിൽ വരാത്ത എംപിയെ പുറത്താക്കി
Wednesday, March 15, 2023 12:25 AM IST
ടോക്കിയോ: ജപ്പാനിൽ ഒറ്റ ദിവസം പോലും സഭയിലെത്താതിരുന്ന പാർലമെന്റംഗത്തെ പുറത്താക്കി. പ്രതിപക്ഷ എൻഎച്ച്കെ പാർട്ടി അംഗവും പ്രമുഖ യുട്യൂബറുമായ യോഷിക്കാസു ഹിഗാഷിറ്റാനിയാണു നടപടി നേരിട്ടത്.
ഉപരിസഭയായ സെനറ്റിൽ അംഗമായ ഇദ്ദേഹത്തെ പുറത്താക്കുന്ന കാര്യത്തിൽ പാർലമെന്റിന്റെ അച്ചടക്കസമിതി ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയായിരുന്നു. യോഷിക്കാസു ദുബായിലാണുള്ളത്.
ജൂലൈയിൽ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഒറ്റദിവസംപോലും സഭയിൽ ഹാജരായിട്ടില്ല. സെലിബ്രിറ്റികളെക്കുറിച്ച് ഗോസിപ്പ് വീഡിയോകൾ പുറത്തിറക്കുന്ന യോഷിക്കാസു ഇതുമായി ബന്ധപ്പെട്ട അപകീർത്തി കേസുകളിൽ അറസ്റ്റിലാകുന്നത് ഒഴിവാക്കാനായി ജപ്പാനു പുറത്താണു കഴിയുന്നത്.