ശ്രീലങ്ക വിദേശകടം പുനഃസംഘടിപ്പിക്കുന്നതു വേഗത്തിലാക്കണം: അന്താരാഷ്ട്ര നാണയനിധി
Tuesday, May 23, 2023 11:44 PM IST
കൊളംബോ: കടുത്ത സാന്പത്തിക-ഇന്ധന പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയോട് വിദേശകടം പുനഃസംഘടിപ്പിക്കുന്നത് വേഗത്തിലാക്കാൻ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വരുത്തുന്ന കാലതാമസം രാജ്യത്തിന്റെ ഏറ്റവും സാന്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.
ശ്രീലങ്ക ആഭ്യന്തരകടവും പുനഃക്രമീകരിക്കണമെന്നും ഐഎംഎഫ് നിർദേശിച്ചു. സെപ്റ്റംബറിനു മുന്‍പുതന്നെ വിദേശകടം പുനക്രമീകരണം പൂർത്തിയാക്കണമെന്നും ഐഎംഎഫ് ശ്രീലങ്കയോട് നിർദേശിച്ചു. ലോകം മുഴുവൻ സാന്പത്തിക മാന്ദ്യത്തിന്റെ നിഴലിൽ കഴിയുന്ന സാഹചര്യത്തിൽ ഇത് വളരെ അ ത്യാവശ്യമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം അവസാനം വരെ ശ്രീലങ്കയുടെ പ്രാദേശിക കടം ഏകദേശം 15,033 ബില്യണ്‍ രൂപ (50 ബില്യണ്‍ ഡോളർ) ആണെന്നാണ് കണക്കാക്കുന്നത്. വിദേശകടങ്ങൾ അടയ്ക്കുന്നതിൽ ശ്രീലങ്ക വീഴ്ച വരുത്തുകയും പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തിരുന്നു. ഇതും ഐഎംഎഫ് വിലയിരുത്തുന്നുണ്ട്. സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു വിദേശകടം പരമാവധി കുറയ്ക്കണം.
കൂടാതെ, കടം ലഭ്യമാക്കിയിരിക്കുന്ന രാജ്യങ്ങളുമായി പലിശയുടെ കാര്യത്തിലും തിരിച്ചടവു കാലാവധിയിലും പുതിയ തീരുമാനങ്ങളിലെത്തേണ്ടതും വളരെ അടിയന്തരമായി പൂർത്തിയാക്കണം. ഇക്കാര്യത്തിൽ തങ്ങൾക്ക് ചെയ്യാവുന്ന എല്ലാ സഹായങ്ങളും നൽകാൻ തയാറാണെന്നും ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കയുടെ വായ്പയുടെ 20 ശതമാനവും ചൈനയുടേതാണ്. 2017 ൽ, കടം തിരിച്ചടയ്ക്കാൻ വേഗത്തിൽ പണം ലഭിക്കുന്നതിനായി ശ്രീലങ്ക ഹന്പൻടോട്ടയിലെ തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു.
ചൈനീസ് പെട്രോളിയം കന്പനിയുമായി കരാർ
ഇതിനിടെ, ഊർജ പ്രതിസന്ധി പരിഹരിക്കാൻ ചൈനീസ് പെട്രോളിയം കന്പനിയായ സിനോപെക്കുമായി കരാർ തിങ്കളാഴ്ച ഒപ്പുവച്ചിരുന്നു. ശ്രീലങ്കയുടെ റീട്ടെയിൽ ഇന്ധനവിപണിയിൽ പ്രവേശിച്ച് പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും സംഭരിക്കാനും വിതരണം ചെയ്യാനും വിൽക്കാനും ഈ കരാർ സിനോപെക്കിന് അവസരമൊരുക്കും. വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക ഊർജ പ്രതിസന്ധി പരിഹരിക്കാൻ കരാർ സഹായിക്കുമെന്നാണ് ശ്രീലങ്കൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.
കരാർ ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഇന്ധനവിതരണം ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.
ശ്രീലങ്കയിൽ ചൈന നടത്തുന്ന ഇടപെടലുകളെ ഇന്ത്യ ആശങ്കയോടെയാണു കാണുന്നത്. ശ്രീലങ്കയുടെ തുറമുഖങ്ങളിലും ഊർജമേഖലയിലും ചൈന നടത്തുന്ന നിക്ഷേപങ്ങളെ സംശയദൃഷ്ടിയോടെയാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇതിനിടെയാണ് സിനോപെക്കുമായി ശ്രീലങ്ക പുതിയ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയുമായുള്ള കരാർ പ്രകാരം, ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോർപറേഷന്റെ കീഴിലുള്ള 150 ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനും 50 പുതിയ ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കുന്നതിനും സിനോപെക്കിന് 20 വർഷത്തെ ലൈസൻസ് നൽകും. ലൈസൻസ് ലഭിച്ച് 45 ദിവസത്തിനകം സിനോപെക്കിന് ശ്രീലങ്കയിൽ പ്രവർത്തനം ആരംഭിക്കാനാകും.
കഴിഞ്ഞ വർഷം ശ്രീലങ്കയിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ, ഇന്ധനം ഇറക്കുമതി ചെയ്യാൻ സർക്കാരിന് വിദേശ കറൻസി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇത്് രണ്ടു മാസത്തിലേറെ നീണ്ടുനിന്ന കടുത്ത ഇന്ധനക്ഷാമത്തിനു കാരണമാവുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ശ്രീലങ്ക റീട്ടെയിൽ ഇന്ധന വിപണി വിദേശ പെട്രോളിയം കന്പനികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്.
വിദേശ നാണ്യത്തിനായി ശ്രീലങ്കൻ ബാങ്കുകളെ ആശ്രയിക്കാതെ ഇന്ധനം വാങ്ങാൻ സ്വന്തം ഫണ്ട് ഉപയോഗിക്കാനാണ് ശ്രീലങ്ക വിദേശ പെട്രോളിയം കന്പനികളോട് ആവശ്യപ്പെട്ടത്. ഈ തീരുമാനത്തിനു പിന്നാലെ ഓസ്ട്രേലിയയുടെ യുണൈറ്റഡ് പെട്രോളിയം, യുഎസ് കന്പനിയായ ആർഎം പാർക്സ് ഷെല്ലുമായി സഹകരിച്ച് ശ്രീങ്കയിൽ പ്രവർത്തിക്കാൻ ധാരണയായിരുന്നു.