നിജ്ജാറിന്റെ വധം: ഇന്ത്യയുടെ പങ്കിനു തെളിവുണ്ടെന്ന് കാനഡ
Saturday, September 23, 2023 1:23 AM IST
ടൊറോന്റോ: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന് ആവർത്തിച്ച് കാനഡ. ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ രഹസ്യസംഭാഷണം നടന്നെന്നും ഇതിന്റെ തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മയായ ഫൈവ് ഐ ഇന്റലിജൻസ് നെറ്റ്വർക്കിൽനിന്നു ലഭിച്ചുവെന്നുമാണു കാനഡയുടെ ആരോപണം. സിബിസി ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ ഭാഗമാണ് സിബിസി ന്യൂസ്.
ഒരു മാസം നീണ്ട അന്വേഷണത്തിനിടെ കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ രഹസ്യസംഭാഷണങ്ങളും സിഗ്നലുകളും ഫൈവ് ഐസ് ശൃംഖല വഴി കനേഡിയൻ സർക്കാർ ശേഖരിച്ചുവെന്ന് സിബിസി ന്യൂസ് പറയുന്നു. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ അംഗങ്ങളായ ഇന്റലിജൻസ് സഖ്യമാണ് ഫൈവ് ഐസ്. അതേസമയം, വിശദമായ അന്വേഷണത്തിനുശേഷമേ തെളിവ് കൈമാറാനാകൂ എന്നാണു കാനഡയുടെ നിലപാട്.
നിജ്ജാറിന്റെ കൊലപാതകത്തിലെ അന്വേഷണത്തിൽ സഹകരണം തേടി കനേഡിയൻ ഉദ്യോഗസ്ഥർ പല തവണ ഇന്ത്യയിലെത്തിയെന്ന് സിബിസി ന്യൂസ് പറയുന്നു. കാനഡയുടെ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് ജോഡി തോമസ് ഓഗസ്റ്റിൽ നാലു ദിവസവും സെപ്റ്റംബറിൽ അഞ്ചു ദിവസവും ഇന്ത്യയിലെത്തിയിരുന്നുവെന്ന് സിബിസി ന്യൂസ് പറയുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് തയാറായില്ല. ഇന്ത്യക്കാർക്ക് വീസ നിഷേധിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനാണു സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു ഫ്രീൻലാൻഡ് മറുപടി പറഞ്ഞു.
2020ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ ജൂൺ 18നു ബ്രിട്ടീഷ് കൊളംബിയയിലാണു കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിൽ അതിരൂക്ഷമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. കനേഡിയൻ പൗരന്മാർക്കു വീസ നല്കുന്നത് അനിശ്ചിതകാലത്തേക്ക് ഇന്ത്യ നിർത്തിവച്ചു. ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നുംതീവ്രവാദികൾക്കെതിരേ കർക്കശ നടപടിയെടുക്കമെന്നും ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു.
അതേസമയം, ആരോപണം ആവർത്തിച്ച് വ്യാഴാഴ്ച ട്രൂഡോ രംഗത്തുവന്നു. കനേഡിയൻ സർക്കാർ ഏറ്റുമുട്ടലിനില്ലെന്നു പറഞ്ഞ ട്രൂഡോ, അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്നാവശ്യപ്പെട്ടു.
കാനഡയുടെ ആരോപണം ഗൗരവതരമെന്ന് യുഎസ്
കാനഡയുടെ ആരോപണം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ഇന്ത്യക്കു മാത്രമായി പ്രത്യേക പരിഗണന നല്കാനാവില്ലെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തിനു പിന്തുണ നല്കുന്നുവെന്നും വിഷയത്തിൽ കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.