ലബനനിലും ഗാസയിലും ഇസ്രേലി ആക്രമണം തുടരുന്നു
Monday, October 14, 2024 1:07 AM IST
ടെൽ അവീവ്: ഇസ്രേലി സേന കഴിഞ്ഞ ദിവസങ്ങളിൽ ഗാസയുടെ വടക്ക്, മധ്യ പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് ഭീകരരെ ലക്ഷ്യമിട്ട ഗാസയിലെ 40 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചു. വടക്കൻ ഗാസയിലെ ജബലിയയിൽ ഭീകരരുടെ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു.
അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗാസയിൽ 150 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. ഒരാഴ്ച മുന്പാണ് ഇസ്രേലി സേന ജബലിയയിൽ വീണ്ടും ഓപ്പറേഷൻ തുടങ്ങിയത്. നഗരം വളഞ്ഞ ഇസ്രേലി സേന ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരിക്കുകയാണ്.
ലബനനിൽ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രേലി ആക്രമണങ്ങളിൽ 15 പേർകൂടി കൊല്ലപ്പെട്ടു. ഹിസ്ബുള്ളകൾക്കു സ്വാധീനമില്ലാത്ത മൂന്നു ഗ്രാമങ്ങളിലായിരുന്നു ആക്രമണമെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹിസ്ബുള്ളകൾ മുന്നൂറിലധികം റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമിച്ചതായി ഇസ്രേലി സേന അറിയിച്ചു. ഹിസ്ബുള്ളകളുടെ ഇരുനൂറോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും സേന കൂട്ടിച്ചേർത്തു.