ട്രംപിന്റെ റാലി നടക്കാനിരിക്കേ ആയുധധാരിയെ പിടികൂടി
Tuesday, October 15, 2024 1:03 AM IST
ലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ റാലി നടക്കുന്ന പരിസരത്തുനിന്ന് ആയുധധാരിയെ പിടികൂടി.
ലാസ് വേഗസ് സ്വദേശിയായ നാൽപ്പത്തിയൊന്പതുകാരന്റെ പക്കൽനിന്നു തിര നിറച്ച ഷോട്ട് ഗൺ, ഒരു ഹാൻഡ് ഗൺ, വെടിമരുന്ന്, നിരവധി വ്യാജ പാസ്പോർട്ടുകൾ എന്നിവ കണ്ടെടുത്തു.
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഒരു എസ്യുവി ഓടിച്ചുവന്ന ഇയാൾ സെക്യൂരിറ്റി ചെക്ക്പോയിന്റിന് പുറത്തു നിന്നുമാണ് പിടിക്കപ്പെട്ടതെന്നു റിവർസൈഡ് കൗണ്ടി ഷെരീഫ് ആയ ചാഡ് ബിയാങ്കോ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാധ്യമപ്രവർത്തകനാണെന്നാണ് ഇയാൾ അവകാശപ്പെട്ടതെങ്കിലും സംശയം തോന്നിയതിനാൽ വാഹനം പരിശോധിക്കുകയായിരുന്നു.
സംഭവം നടക്കുന്പോൾ റാലി നടക്കുന്ന സ്ഥലത്ത് ഡോണാൾഡ് ട്രംപ് എത്തിയിട്ടുണ്ടായിരുന്നില്ല. മുൻപ് രണ്ട് തവണയുണ്ടായ വധശ്രമങ്ങൾക്കു ശേഷം കനത്ത സുരക്ഷാ സന്നാഹങ്ങളുടെ അകന്പടിയോടെയാണു ഡോണാൾഡ് ട്രംപ് റാലികൾ നടത്തുന്നത്.