നാഡ ഇല്ല; മരുന്നടി കെങ്കേമം
Wednesday, December 11, 2019 12:02 AM IST
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) അഭാവം മുതലെടുത്ത് സ്കൂൾ അത്ലറ്റിക്സിൽ വ്യാപകമായ മരുന്നടി. 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് ചാന്പ്യൻഷിപ്പ് നടക്കുന്ന സംഗരൂർ വാർ ഹീറോ സ്റ്റേഡിയത്തിലെ ബാത്ത് റൂമിലും വാം അപ്പ് പ്രദേശത്തും നിരോധിത മരുന്നുകളുടെ പായ്ക്കറ്റുകളും ഉപയോഗിച്ച സിറിഞ്ചുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ലോക ഉത്തേജക വിരുദ്ധസമിതി (വാഡ) നിരോധിച്ച മരുന്നുകളാണ് കണ്ടെത്തിയിരിക്കുന്നത്. റഷ്യൻ നിർമിത മരുന്നുകളും വാഡ നിരോധിച്ച വേദനസംഹാരി ഇഞ്ചക്ഷനുകളുമാണ് ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ശസ്ത്രക്രിയകൾക്കായി രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന പെന്റാസോസിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ കവറുകളാണ് കണ്ടെത്തിയത്. നാർക്കോട്ടിക്സ് അനൽജെസിക്സ് ഗണത്തിൽപ്പെടുത്തി ’വാഡ ’ നിരോധിച്ച മരുന്നാണിത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഇത്തരം മരുന്ന് കൗമാര കായിക താരങ്ങൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. ഇതര സംസ്ഥാന താരങ്ങൾക്കെതിരേ പ്രായത്തട്ടിപ്പ് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മരുന്നടിയും കെങ്കേമമായി നടക്കുന്നത്.