കാർഡ്, സബ്സ്റ്റിറ്റ്യൂഷൻ ഗോളില്ലാതെ റൊണാൾഡോ
Thursday, March 16, 2023 12:27 AM IST
റിയാദ്: സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ എത്തിയതിനുശേഷം ഇതാദ്യമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സബ്സ്റ്റിറ്റ്യൂഷൻ ചെയ്യപ്പെട്ടു.
കിംഗ് കപ്പ് ഓഫ് ചാന്പ്യൻസ് ഫുട്ബോൾ ക്വാർട്ടറിൽ അബ്ഹയ്ക്കെതിരായ മത്സരത്തിലായിരുന്നു 87-ാം മിനിറ്റിൽ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്. മത്സരത്തിൽ 3-1ന്റെ ജയത്തോടെ അൽ നസർ സെമിയിൽ പ്രവേശിച്ചു. അൽ നസറിനായി ഹോം മത്സരത്തിൽ ഇതുവരെ ഗോൾ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിട്ടില്ല.
മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റൊണാൾഡോ മഞ്ഞക്കാർഡ് കണ്ടു. പന്തുമായി എതിർ ഹാഫിലേക്കു റൊണാൾഡോ കൗണ്ടർ അറ്റാക്കിനായി കുതിച്ചുകൊണ്ടിരിക്കേ ലാത്വിയൻ റഫറി ആൻഡ്രിസ് ട്രീമാനിസ് ഹാഫ് ടൈം വിസിൽ മുഴക്കി.
ഇതിൽ പ്രതിഷേധിച്ച് പന്ത് കൈയിലെടുത്ത് ദൂരേക്ക് അടിച്ചകറ്റിയതിനായിരുന്നു റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. ജനുവരിയിൽ അൽ നസറിലെത്തിയ റൊണാൾഡോ ഒന്പത് മത്സരങ്ങളിൽനിന്ന് എട്ട് ഗോളും രണ്ട് അസിസ്റ്റും നടത്തിയിട്ടുണ്ട്.