ക്രിസ്മസിനെ വരവേൽക്കാൻ ഭീമൻ കേക്ക് മിക്സിംഗുമായി ലുലു മാൾ
1224995
Monday, September 26, 2022 11:29 PM IST
തിരുവനന്തപുരം: ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ക്രിസ്മസിനെ വരവേൽക്കാൻ ഭീമൻ കേക്ക് മിക്സിംഗ് സംഘടിപ്പിച്ചു. 25,000 കിലോയിലധികം കേക്കുകൾ തയാറാക്കാനുള്ള 2,000 കിലോ ചേരുവകളാണ് ഒരു മണിക്കൂർ കൊണ്ട് മിക്സ് ചെയ്തത്.
മാളിലെ ഗ്രാൻഡ് എട്രിയത്തിൽ പ്രത്യേകം തയാറാക്കിയ 20 അടി നീളമുള്ള മേശയിൽ പൊതുജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മിക്സിംഗ്. മാൾ പ്രവർത്തനം തുടങ്ങിയ ശേഷം ഇത്ര വിപുലമായ കേക്ക് മിക്സിംഗ് ഇതാദ്യമാണ്. പാചക വിദഗ്ധ ലക്ഷ്മി നായരടക്കമുള്ളവർ കേക്ക് മിക്സിംഗിൽ പങ്കെടുത്തു.
കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമാണം ആരംഭിക്കുക. മദ്യമോ മറ്റു കൃത്രിമ കളറുകളോ ചേർക്കാതെയാണ് ലുലുവിൽ കേക്ക് നിർമിക്കുന്നത്. പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക് തുടങ്ങി പത്തിലധികം വ്യത്യസ്ത ഇനത്തിൽപെട്ട കേക്കുകളാണ് തയാറാക്കുക.
ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, റീജണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഇ.വി. രാജേഷ്, മാൾ ജനറൽ മാനേജർ കെ.കെ. ഷെറീഫ്, ബയിംഗ് മാനേജർ സി.എം. റഫീഖ് ഉൾപ്പെടെയുള്ളവർ കേക്ക് മിക്സിംഗിന് നേതൃത്വം നൽകി.