എസ്പിസി കേഡറ്റുകളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
1225005
Monday, September 26, 2022 11:37 PM IST
വിതുര : പേപ്പാറയിൽ നേച്ചർ ക്യാമ്പിനെത്തിയ എസ്പിസി കേഡറ്റുകളെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും ആക്രമിച്ച കേസിലെ അഞ്ചു പ്രതികളിൽ ഒളിവിലായിരുന്ന മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ആര്യനാട് കോട്ടയ്ക്കകം കൊന്നമൂട് വീട്ടിൽ ഷിജികേശവൻ, കോട്ടയ്ക്കകം കല്ലുവിളാകത്ത് വീട്ടിൽ ഉദയകുമാർ, ആര്യനാട്ട് വാടകയ്ക്ക് താമസിക്കുന്ന വിതുര ആനപ്പാറ തുളസീ വിലാസത്തിൽ വിജിൻ എന്നിവരെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ക്യാമ്പിനായി പേപ്പാറയിലെത്തിയ കിളിമാനൂർ ഗവ.എച്ച്എസിലെ എസ്പിസി കേഡറ്റുകൾ മാർച്ച് പാസ്റ്റ് ചെയ്യുന്നതിനിടെയാണ് മദ്യപിച്ചെത്തിയ സംഘം വിദ്യാർഥികളെ അസഭ്യം പറയുകയും പരിശീലകരെയും ഗൈഡായി ഒപ്പമുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും കൈയേറ്റം ചെയ്ത ശേഷം കടന്നു കളയുകയായിരുന്നു. അക്രമിസംഘത്തിലെ സക്കീർ ഹുസൈൻ എന്നയാളിനെ ഇവർ തന്നെ പിടികൂടി പോലീസിനെ ഏൽപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം പ്രതികളിൽപ്പെട്ട മുക്കോല സ്വദേശി ഹരികുമാറിനെ നെടുമങ്ങാട് നിന്ന് പിടികൂടിയിരുന്നു. പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചു. തുടർന്ന് പോലീസും ഷാഡോ ടീമും നടത്തിയ പരിശോധനയിലാണ് മധുരയിൽ നിന്ന് ഇവരെ പിടികൂടിയത്.