റിലേ സത്യഗ്രഹങ്ങളുമായി യുഡിഎഫും ബിജെപിയും
1264939
Saturday, February 4, 2023 11:36 PM IST
നെയ്യാറ്റിൻകര : വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വർണവും കൈക്കലാക്കിയ നെയ്യാറ്റിൻകര നഗരസഭാകൗൺസിലർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും ബിജെപി യും റിലേ സത്യഗ്രഹങ്ങള്‍ ആരംഭിച്ചു.
സമരങ്ങള്‍ക്കെതിരെ പ്രചാരണ പരിപാടിയുമായി സിപിഎമ്മും രംഗത്ത്. യുഡിഎഫിന്റെ സത്യഗ്രഹത്തിന് പ്രതിപക്ഷ നേതാവ് ജെ.ജോസ് ഫ്രാങ്ക്ളിന് നേതൃത്വം നല്കി. ആരോപണ വിധേയനായ കൗൺസിലറെ പോലീസും പാർട്ടിയും നഗരസഭ ചെയർമാനും സംരക്ഷിക്കുകയാണെന്ന് റിലേ സമരം ഉദ്ഘാടനം ചെയ്ത മുൻ കെപിസിസി സെക്രട്ടറി എസ്. കെ.അശോക് കുമാർ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷനായി.
ബിജെപി യുടെ റിലേ സത്യഗ്രഹം സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ആര്. രാജേഷ്, ജനറൽ സെക്രട്ടറി അരങ്കമുകൾ സന്തോഷ്, രഞ്ജിത് ചന്ദ്രൻ, ജ്യോതിസ് കുമാർ, എന്‍.കെ ശശി, ജി ജെ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, അഡ്വ. സ്വപ്നജിത്ത്, വേണുഗോപാൽ, മരങ്ങാലി ബിനു, കല, സുമ എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ റിലേ സത്യാഗ്രഹത്തില്‍ പങ്കെടുക്കും.
നെയ്യാറ്റിൻകര നഗരസഭ ഭരണം അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഎം നഗരസഭ കമ്മിറ്റി വാഹന പ്രചാരണ ജാഥ ആരംഭിച്ചു. കെ. ആൻസലൻ എംഎല്‍എ ജാഥ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് തുടങ്ങിയവർ സംബന്ധിച്ചു.