വെള്ളായണി ക്ഷേത്രത്തിൽ അശ്വതിപ്പൊങ്കാല
1280626
Friday, March 24, 2023 11:26 PM IST
നേമം: വെള്ളായണി ദേവി ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ അശ്വതി പൊങ്കാലയര്‍പ്പിച്ചു. ഇന്നലെ രാവിലെ പത്തിനു ക്ഷേത്രത്തിലെ മൂത്തവാത്തി ശിവകുമാര്‍ നാഗപ്പാനയിലേയ്ക്ക് അഗ്നി പകര്‍ന്നു. ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, എം.വിന്‍സന്റ് എംഎല്‍എ, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് ഒരുമണിക്ക് പൊങ്കാല നിവേദിച്ചു. പൊങ്കാലയ്ക്കെത്തിയവര്ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അന്നദാനം, കുടിവെള്ള വിതരണം, യാത്രസൗകര്യം, വൈദ്യസഹായം എന്നിവ ഒരുക്കിയിരുന്നു. കെഎസ്ആര്‍ടിസി പ്രത്യേകം സര്‍വീസുകള്‍ നടത്തി.
ക്ഷേത്രത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയുണ്ടായിരുന്നു. പൊങ്കാലയ്ക്കെത്തിയവര്ക്ക് സഹായ ഹസ്തവുമായി പോലീസ്, അഗ്നിരക്ഷാസേന വിഭാഗങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും കല്ലിയൂര്‍ പഞ്ചായത്തും ഹരിതകര്‍മ്മസേനയും സന്നദ്ധസംഘടനകളും രംഗത്തുണ്ടായിരുന്നു.