ആഞ്ഞിലിമരം വീണ് ആശുപത്രി കെട്ടിടം തകര്ന്നു
1281662
Tuesday, March 28, 2023 12:08 AM IST
വെള്ളറട: നൂറുവര്ഷത്തിലേറെ പഴക്കമുള്ള ആഞ്ഞില് മരത്തിന്റെ ശിഖരം അടര്ന്നുവീണ് ആശുപത്രി കെട്ടിടം തകര്ന്നു. ലബോറട്ടറി ഉപകരണങ്ങളും നശിച്ചു.
കുന്നത്തുകാല് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപിയും ലാബുമാണ് തകര്ന്നത്. ഇന്നലെ ഉച്ചതി രിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. രോഗികള് കുറവായിരുന്ന സാഹചര്യത്തിലായതിനാല് വന് ദുരന്തം ഒഴിവായി. ലബോറട്ടറിയിലുണ്ടായിരുന്ന ടെക് നീഷന്മാർക്ക് നിസാര പരുക്കു പറ്റിയതൊഴിച്ചാല് മറ്റു ദുരന്തങ്ങളൊന്നും ഉണ്ടായില്ല. ആശുപത്രി കെട്ടിടത്തിന്റെ ചുമരിനോടു ചേര്ന്നു സ്വകാര്യവ്യക്തി യുടെ ഭൂമിയിലെ നൂറു വര്ഷത്തിലേറെ പഴക്കമുള്ള ആഞ്ഞിലി മരത്തിന്റെ ശിഖരമാണ് പൊട്ടിവീണത്.
പരിക്കുപറ്റിയ ലാബ് ടെക്നീഷ്യന്മാരായ അശ്വതി, സാനിയ എന്നിവരെ വിദഗ്ധ പരിശോധനയ്ക്കുശേഷം വിട്ടയച്ചു. മരം പൂര്ണമായും മുറിച്ചു മാറ്റണമെന്നു നാട്ടുകാര് ആവശ്യപ്പെട്ടിട്ടുണ്ട്. മരത്തിലെ മറ്റു ശിഖരങ്ങളും അപകടകരമായ നിലയില് തുടരുകയാണ്.