തിരുവനന്തപുരം: ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്നതിനായി കുടപ്പനകുന്ന് സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ പുതിയ വെയര്‍ഹൗസ് സജ്ജമായി.
വെയര്‍ഹൗസിന്റെ ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെയര്‍ ഹൗസുകള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് മുഖ്യആതിഥിയായി. സിവില്‍ സ്റ്റേഷന് പരിസരത്ത് ആറ് കോടി രൂപ മുതല്‍മുടക്കിലാണ് കെട്ടിടം പണിതത്. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍,വിവിപാറ്റ് എന്നിവ സൂക്ഷിക്കും. കൂടാതെ ഫസ്റ്റ് ലെവല്‍ ചെക്കിംഗിനായി ഒരു പ്രത്യേക ഹാളും നിര്‍മിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. കിന്‍ഫ്ര പാര്‍ക്കില്‍ വാടകകെട്ടിടത്തിലാണ് വെയര്‍ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരത്തിന് പുറമേ മലപ്പുറത്തും കണ്ണൂരുമാണ് നിലവില്‍ വെയര്‍ഹൗസുകള്‍ ഉള്ളത്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്.മേരിക്കുട്ടി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ജയമോഹന്, എന്‍എച്ച് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഷീജ ബീഗം എന്നിവരും പങ്കെടുത്തു.