ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി സഖ്യമുണ്ടാകും: വി.ഡി. സതീശൻ
1336889
Wednesday, September 20, 2023 5:30 AM IST
തിരുവനന്തപുരം: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം-ബിജെപി സഖ്യമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാജ്യത്തെന്പാടും ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി സഖ്യം പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ മല്ലികാർജുൻ ഖാർഗേയ്ക്കൊപ്പം സീതാറാം യെച്ചൂരിയും ഡി. രാജയും കൈകോർത്തു. എന്നാൽ ഇപ്പോൾ സിപിഎം കേരള ഘടകത്തിന്റെ വിരട്ടലിൽ ഇന്ത്യ ഏകോപന സമിതിയിൽ അംഗമാകില്ലെന്നു പാർട്ടി പോളിറ്റ്ബ്യൂറോ തീരുമാനിച്ചിരിക്കുകയാണ്.
കേന്ദ്ര സർക്കാരിനെയും ബിജെപിയേയും പേടിച്ചാണു സിപിഎം ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.ഡി.സതീശൻ.
ബിജെപി കേന്ദ്ര നേതൃത്വവും കേരളത്തിലെ സിപിഎമ്മും ധാരണയിലാണ്. ലാവ്വിൻ കേസെടുക്കുന്പോൾ സിബിഐ അഭിഭാഷകനു പനി വരും. ധാരണയുടെ ഭാഗമായാണു കേസ് 34-ാം തവണയും മാറ്റിവച്ചത്. കുഴൽപ്പണ ക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെയുള്ള കേസിൽ സർക്കാർ താൽപര്യം കാണിക്കാത്തതും ഈ ധാരണയുടെ ഭാഗമായാണെന്നും കരുവന്നൂർ ബാങ്കിലെ തട്ടിപ്പു കേസും ആവിയായി പോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായിരുന്നു.
യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, എം. വിൻസന്റ് എംഎൽഎ, കോണ്‍ഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാർ, വർക്കല കഹാർ, എം.എ. വാഹിദ് എന്നിവരും പ്രസംഗിച്ചു. മുദ്രാവാക്യം വിളികളോടെയാണു കെ എസ്യു പ്രവർത്തകർ ചാണ്ടി ഉമ്മനെ ഗാന്ധിപാർക്കിലേയ്ക്കു വരവേറ്റത്. വിവിധ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി.