സ്വന്തം ലേഖിക
തിരുവനന്തപുരം: നിറങ്ങളിൽ കുതിരുന്ന സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങൾ, പ്രകൃതിയുടെ അനന്ത നിശ്ചലത, പിന്നെ ശ്രീബുദ്ധന്റെ ശാന്തതയും, കടലാഴങ്ങളിലെ ജീവചൈതന്യവും. ഒപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിരിക്കുന്ന മുഖവും.
വൈലോപിള്ളി സംസ്കൃതി ഭവനിൽ ഇന്നലെ ആരംഭിച്ച ദത്തം 2023ൽ പ്രശസ്ത ചിത്രകാരൻ ബി.ഡി. ദത്തന്റെ ശിഷ്യരായ 19 ചിത്ര കലാകാരന്മാർ ഒരു ക്കിയ വർണോത്സവമുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ദത്തം 2023 ന്റെ ഉദ്ഘാടനം നിർവഹിച്ചു.
മുൻ ഡിജിപി രാജഗോപാലൻ നായരുടെ സഹധർമ്മിണി ഉഷ രാജഗോപാലിൽ നിന്നു തുടങ്ങാം. മനസിലെ നിറങ്ങൾ കാൻവാസിൽ വാരിതൂക്കി അതിൽനിന്നു ഉണരുന്ന രൂപങ്ങളെ സാക്ഷാത്കരിക്കുന്നു ഉഷാ രാജഗോപാൽ. നേരത്തേ തീരുമാനിച്ചുറപ്പിച്ച ശേഷമല്ല ചിത്രങ്ങൾ വരയ്ക്കുന്നതെന്നു ചിത്രകാരി പറയുന്നു.
ഉമ്മൻചാണ്ടിയുടെ അന്ത്യയാത്ര ടെലിവിഷനിൽ കണ്ടപ്പോൾ ഉണ്ടായ വേദനയിൽ നിന്നാണ് ടോമിന മേരി ജോസ് നിറചിരിയോടെ നില്ക്കുന്ന മുൻ മുഖ്യമന്ത്രിയുടെ പെയിന്റിംഗ് വരച്ചത്. വിലാപയാത്രയിൽ സ്കൂൾ കുട്ടികൾ ഉയർത്തിപ്പിടിച്ച "ഐ ലൗ യൂ ചാണ്ടി അപ്പച്ചാ, വീ ഓൾ മിസ് യൂ' എന്ന ചെറിയ ബോർഡും കാഴ്ചക്കാരിൽ നഷ്ടബോധം തീർക്കുന്നു.
ഉമ്മൻചാണ്ടിയുടെ വികസന പദ്ധതികളുടെ ചിത്രങ്ങളും കാൻവാസിലുണ്ട്. ശാരദ മുരളീധരന്റെ അമ്മ ഗോമതി മുരളീധരന്റെ ബ്ലാക്ക് ലേഡി പെയിന്റിംഗ് ഒരു ശില്പം പോലെ മനോഹരം. യുവ ആർക്കിടെക്ടായ വിജി ഭഗവതിയുടെ സ്ത്രീ മുഖങ്ങളിൽ മിന്നി മറയുന്നത് ഭിന്ന ഭാവങ്ങൾ....
ബി.ഡി. ദത്തന്റെ ചിത്ര രചനാ കളരിയിൽ ദീർഘകാലമായി അംഗമായ വാസന്തിക്കു അണിഞ്ഞൊരുങ്ങുന്ന സ്ത്രീ ചിത്രങ്ങൾ വരയ്ക്കുന്നതാണ് ഇഷ്ടം. ദത്തൻ സാറിന്റെ അനുമതിയോടെ ഇത്തവണയും മനോഹരങ്ങളായ സ്ത്രീ രൂപങ്ങൾ വാസന്തി വരച്ചിട്ടുണ്ട്.
കരിനീല കണ്ണുകളുള്ള, ഗോതന്പിന്റെ നിറമുള്ള സുന്ദരിയെയാണ് സാമൂഹ്യ പ്രവർത്തകയായ സുമിത സുശീലൻ കാൻവാസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. റിയലിസ്റ്റിക്ക് ചിത്രങ്ങളോട് ഇഷ്ട കൂടുതൽ ഉണ്ടെന്നു സുമിത. വിനീത ആനന്ദിന്റെ അമൂർത്ത ചിത്രത്തിലും ജീവിതനിറങ്ങൾ കലരുന്നുണ്ട്.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് ഡയറക്ടറായ ജി.ബി. ഹരീന്ദ്രനാഥിന്റെ ശ്രീബുദ്ധനും, വാരാണാസി ചിത്രവും ശ്രദ്ധേയം. മുൻ കോളജ് പ്രിൻസിപ്പൽ ഡോ. ഏബ്രഹാം ജോർജിന്റെ പ്രകൃതി ചിത്രങ്ങൾക്കു ചാരുതയേറെ. എൻജിനിയറും, മുൻമന്ത്രി ടി.എം. ജേക്കബിന്റെ മരുമകനുമായ ദേവ് തോമസ് ജോർജിന്റെ ലാൻഡ് സ്കേപ്പിന്റെ പൂർണതയും സവിശേഷം.
യുവ ഫാഷൻ ഡിസൈനറായ ഈശ്വർ കാൻവാസിനും വർണങ്ങൾക്കും പകരം പേപ്പറിൽ റോട്ടറിംഗ് പേന കൊണ്ടു തീർത്ത സൗന്ദര്യവും എടുത്തു പറയേണ്ടതാണ്. കടലാസിന്റെ ആഴങ്ങളിൽ ജീവജാലങ്ങൾക്കു സ്വസ്ഥ ജീവിതം മനുഷ്യർ നല്കണമെന്ന സന്ദേശമാണ് രഹാന റഫീക്കിന്റെ കടലാമ്മ ചിത്രം പ്രഖ്യാപിക്കുന്നത്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ് എച്ച്ഡിഎഫ്സിയിൽ ഉദ്യോഗസ്ഥയായ രഹാന. അഡ്വ. ജയശ്രീയുടെ കാൻവാസിൽ ജീവിത സമസ്യയുടെ അമൂർത്ത തലമുണ്ട്. എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി വ്യത്യസ്ത മാധ്യമങ്ങളിലൂണ് പെയിന്റിംഗ്.
നീതു ബാബു, പോൾ പട്ടത്താനം, പ്രസന്ന, ശാന്തി രാജീവ്, സെലീന, സ്വപ്ന മേരി എന്നിവരുടെ പെയിന്റിംഗുകളും പ്രദർശനത്തിനുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ ചിത്രകാരൻ ബി.ഡി. ദത്തൻ, നേമം പുഷ്പരാജ്, കലാനിരൂപകൻ സി.പി. സുനിൽ എന്നിവർ ആശംസ നേർന്നു. ജി.ബി. ഹരീന്ദ്രനാഥ് സ്വാഗതവും രഹാന റഫീക്ക് കൃതജ്ഞതയും പറഞ്ഞു.