ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ
1339595
Sunday, October 1, 2023 4:48 AM IST
ആറ്റിങ്ങൽ: ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. കാപ്പിൽ എച്ച്എസിനു സമീപം ഹരിദാസ് ഭവനിൽ ഷിബു (47)വിനെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 28ന് രാത്രി 12.30 യോടെയാണ് സംഭവം. ഇളയമകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ പ്രതി കട്ടിലിൽനിന്നും നിലത്തേയ്ക്ക് വലിച്ചിട്ട ശേഷം മെത്തയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബീനയുടെ നിലവിളി കേട്ടു മുറിയിലേയ്ക്ക് ഓടിയെത്തിയ മൂത്തമകൾ ബലപ്രയോഗത്തിനൊടുവിൽ ഷിബുവിൽനിന്ന് കത്തി പിടിച്ചുവാങ്ങുകയും ദൂരേയ്ക്ക് എറിയുകയും ചെയ്തു. ബഹളം കേട്ടുണർന്ന ഇളയമകളെകൂട്ടി മൂത്തമകൾ മുറിക്ക് പുറത്തേയ്ക്ക് കടന്നപ്പോൾ ഷിബു മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടുകയായിരുന്നു. ശേഷം വീണ്ടും ബീനയെ ക്രൂരമായി മർദിച്ചു.
കത്തി നഷ്ടപെട്ടപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന കത്രികയെടുത്തായിരുന്നു പിന്നീടാക്രമണം. മുതുകിലും നെഞ്ചിലും തോളിലുമായി ബീനയ്ക്ക് ശരീരത്തിൽ ഏഴോളം ഭാഗങ്ങളിൽ ആഴത്തിൽ മുറിവേറ്റു. മക്കൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഓടികൂടിയ സമീപവാസികളായിരുന്നു പോലീസിൽ വിവരം അറിയിച്ചത്.
പോലീസെത്തിയ ശേഷമാണ് ഷിബു മുറി തുറക്കാൻ തയ്യാറായത്. പരിക്കേറ്റ ബീന തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഷിബുവിന്റെ ദേഹത്തും പരിക്കുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗാർഹിക പീഡനത്തെ തുടർന്ന് കോടതിയിൽ പരാതി നൽകി പ്രൊട്ടക്ഷൻ ഓർഡർ കാരസ്ഥമാക്കുന്നതിന് ബീന ശ്രമിച്ചതാണ് അക്രമിക്കാൻ കാരണമെന്ന് ഷിബു പോലീസിന് മൊഴി നൽകി. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.