ബീമാപള്ളി ഉറൂസ്: ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് മന്ത്രി
1375367
Sunday, December 3, 2023 1:46 AM IST
തിരുവനന്തപുരം: 15ന് കൊടിയേറുന്ന ബീമാപള്ളി ദർഗാ ഷറീഫ് ഉറൂസിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഉറൂസുമായി ബന്ധപ്പെട്ട് ബീമാപള്ളി ജമാഅത്ത് കമ്മിറ്റി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡുകളിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി ഇതിനോടകം കെഎസ്ഇബി പൂർത്തിയാക്കിയിട്ടുണ്ട്. പള്ളിയുടെ കിഴക്ക് ഭാഗത്ത് കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം നിർദ്ദേശം നൽകി. ഉറൂസിനെത്തുന്ന തീർത്ഥാടകർക്കായി ബയോ ടോയ്ലറ്റ് സംവിധാനവും നഗരസഭ ഒരുക്കും. വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിൽ ഉത്സവമേഖലയിൽ പ്രത്യേക കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉറൂസ് നടത്തുക.
തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പോലീസ് എയ്ഡ് പോസ്റ്റും പട്രോളിങും സിസിടിവി കാമറകൾ സ്ഥാപിച്ചുള്ള നിരീക്ഷണവും നടത്തും. ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന്റെ സേവനവും ഉണ്ടാകും. പ്രധാന കേന്ദ്രങ്ങളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും.
15ന് പ്രാദേശിക അവധി
തിരുവനന്തപുരം: ബീമാപള്ളി ദർഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഡിസംബർ 15ന് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.