നാട്ടുകാർക്ക് വിനയായി അമ്മതയിലെ അനധികൃത പന്നിവളർത്തൽ കേന്ദ്രം
1417311
Friday, April 19, 2024 1:42 AM IST
അമ്പൂരി: അമ്പൂരി പഞ്ചായത്തിൽ പന്നിവളർത്തൽ കേന്ദ്രം വീണ്ടും ആരംഭിച്ചതോടെ ആരോഗ്യപ്രശ്നങ്ങളും പരിസരമലിനീകരണവും സൃഷ്ടിക്കുന്നതായി പരാതി. പഞ്ചായത്തിലെ കൂട്ടപ്പൂ വാർഡിൽ അമ്മതയിലാണ് പന്നി വളർത്തൽ കേന്ദ്രം പ്രവർത്തിക്കുന്നത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. ഇതിന്റെ ഒരു ഭാഗം ജനവാസമേഖലയാണ്. ഇതിന് മുമ്പ് 2016-ൽ അനധികൃതമായി ഇവിടെ പന്നി ഫാമുകൾ പ്രവർത്തിച്ചിരുന്നു. അന്നു കുട്ടികൾ അടക്കമുള്ളവർക്ക് വയറിളക്കം, ഛർദി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇതിനെതിരെ ജനകീയ സമിതി അംഗങ്ങൾ പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടി സ്ഥാനത്തിൽ പഞ്ചായത്തും വെള്ളറട പോലീസും ചേർന്ന് ഫാം പൂട്ടിക്കുകയായിരുന്നു.
എന്നാൽ ചെറിയ ഇടവേളയ്ക്കുശേഷം 2017ൽ വീണ്ടും ഫാമുകൾ തുറന്നു പ്രവർത്തിപ്പിച്ചു. ആ സമയത്തും ജനകീയ സമിതി അംഗങ്ങളും നാട്ടുകാരും അന്നത്തെ ബ്ലോക്ക് മെമ്പർ ഷാജഹാൻ കുടപ്പന മൂടിന്റെ നേതൃത്വത്തിൽ ധർണ നടത്തുകയും തുടർന്ന് ജില്ലാ കളക്ടർ പന്നി ഫാമുകൾ അടച്ചുപൂട്ടുവാൻ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകുകയും ചെയ് തിരുന്നു. ഇതേ തുടർന്ന് ഫാം പൂട്ടുകയും ചെയ്തിരുന്നു.
മനുഷ്യാവകാശ കമ്മീഷനും, മലിനീകരണ നിയന്ത്രണ ബോർഡും ഇവിടെ ഫാമുകൾ പ്രവർത്തിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം പൂർവാധികം ശക്തിയോടെയാണ് ഫാം തുടങ്ങിയിരിക്കുന്നത്.
പന്നി ഫാമിന്റെ മറവിൽ വൻതോതിൽ നഗരമാലിന്യങ്ങളും, ഹോട്ടൽവേസ്റ്റുകളും മറ്റും എത്തിക്കുന്നതുമൂലം ദുർഗന്ധവും, ഈച്ച, കാക്ക, കൊതുക്, തെരുവ് നായ്ക്കൾ, കാട്ടുപന്നി എന്നിവയുടെ ശല്യവും വർധിച്ചിരിക്കുകയാണ്.
കോഴി വേസ്റ്റും മറ്റും കാക്കകൾ കൊത്തി കിണറുകളിൽ കൊണ്ടിടുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം കുട്ടികളടക്കമുള്ളവർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഇത്തവണയും ജനകീയ സമിതിയുടെ നേതൃത്വത്തിൽ പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാർ. പന്നി ഫാം ഉടനെ അടച്ചുപൂട്ടിയില്ലെങ്കിൽ ഇപ്രാവശ്യം ഇലക്ഷൻ തന്നെ ബഹിഷ്ക്കരിക്കുവാനുള്ള തീരുമാനത്തിലാണ് ഇവിടുത്തെ ജനങ്ങൾ.