ഏതുപാർട്ടിക്കും കൊടിയുടെ നിറത്തിൽ പുട്ട് റെഡി..!
1417646
Saturday, April 20, 2024 6:37 AM IST
കോട്ടൂർ സുനിൽ
കാട്ടാക്കട: പുട്ടിൽ വിസ് മയങ്ങൾ തീർത്ത സുൾഫിക്കർ വീണ്ടും രാഷ്ട്രീയക്കാർക്ക് പ്രിയപ്പെട്ടവനാകുന്നു. കേരളത്തിലെ എല്ലാ പാർട്ടികളുടേയും അണികൾ ഒത്തു ചേർന്ന സംഗമമായിരുന്നു 2015 ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്. അങ്ങ് കാസർകോട് മുതൽ ഇങ്ങ് പാറശാല വരെയുള്ള പ്രവർത്തകർ അരയും തലയും മുറുക്കി ഇറങ്ങിയ ഇലക്ഷൻ. അവിടെ താരമായിരുന്നു പുട്ട്.
യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും മുസ്ലിംലീഗിനും വിഎസ്ഡിപ്പിക്കും വരെ സന്തോഷം പകരുന്ന പുട്ടുകൾ തീർത്ത്, അന്ന് കുറ്റിച്ചലിലെ താരമായിരുന്നു സുൾഫിക്കർ. ഇക്കുറിയും സജീവമാകുകയാണ് സുൾഫിക്കറും ആമിന പുട്ടുകടയും.
എല്ലാ കക്ഷികൾക്കും തങ്ങളുടെ പതാകൾക്ക് നിറമുണ്ട്. ആ നിറങ്ങൾ പുട്ടിൽ തീർക്കുകയാണ് സുൾഫിക്കർ. കോൺഗ്രസുകാർക്കു മൂന്നു നിറങ്ങൾ ചേർത്ത പുട്ട്. സിപിഎമ്മിന് ചെങ്കൊടി പുട്ട്. ബിജെപിക്കു കാവിപ്പുട്ട്. മുസ്ലീം ലീഗിന് പച്ചപ്പുട്ട്. പക്ഷേ ഇതൊക്കെ പാർട്ടിക്കാർക്കുവേണ്ടി ഉണ്ടാക്കിയതോ അല്ലെങ്കിൽ അവരെ പ്രീതിപ്പെടുത്താനോ ഉള്ളതല്ലെന്നു സുൾഫിക്കർ പറയുന്നു.
കട തുടങ്ങാൻ ആഗ്രഹിച്ചപ്പോൾ എന്തെങ്കിലും പ്രത്യേകത വേണമെന്ന് സുൾഫിക്കർ തീരുമാനിക്കുകയായിരുന്നു. അൽപ്പം വ്യത്യസ്തമായ പുട്ട് തന്നെയാകട്ടെ എന്നു കരുതിയാണ് കട തുടങ്ങിയത്. പുട്ട് മാവിനൊപ്പം കാരറ്റ്, പച്ചിലകൾ, ബീറ്റ് റൂട്ട്, ചോളം തുടങ്ങി നിറമുള്ള പച്ചക്കറികൾ എന്നിവ മിക്സ് ചെയ്താണ് നിറംപകരുന്നത്. കൃത്രിമ കളർ ചേർക്കാതെയുള്ളപുട്ടിന് അതിനാൽതന്നെ ആവശ്യക്കാരുമേറെയാണ്.
മൂന്നു കളർ ചേർത്ത പുട്ടുവരുമ്പോൾ അത് കോൺഗ്രസ് പുട്ടാകും. ഔഷധ സമ്പന്നമായ പച്ചിലകൾ ചേർത്ത തയാറാക്കിയ പുട്ടിനു കിട്ടുന്ന പച്ച നിറം ലീഗിനും ഇഷ്ടമായി. ചുവന്ന പുട്ടും കാവി പുട്ടും അധികം മഞ്ഞ നിറമില്ലാത്ത പുട്ടും ഒരോരുത്തരുടേയും പ്രിയപ്പെട്ടതായി. എന്തായാലും ഇലക്ഷൻ അടുത്തതോടെ സുൾഫിക്കറിന്റെ പുട്ടിനും പ്രിയമേറിയിരിക്കുകയാണ്.