താൻ എഴുതുന്നത് സ്നേഹത്തിന്റെ ഭാഷയിലെന്ന് പ്രതിഭാ റായ്
1425483
Tuesday, May 28, 2024 2:42 AM IST
തിരുവനന്തപുരം: സ്നേഹത്തിന്റെ ഭാഷയിലാണ് താനെഴുതുന്നതെന്നും മാനവികതയാണ് തന്റെ മതമെന്നും ഒറിയൻ എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായ്. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു പ്രതിഭാ റായ്.
എഴുത്തു മുറിയിലെ കസേരയിലുന്ന് പേപ്പറിൽ മഷി കൊണ്ടല്ല താൻ എഴുതുന്നത്. മറിച്ച് ഇന്ത്യൻ സംസ്കാരത്തിന്റെ മടിത്തട്ടിലിരുന്നുകൊണ്ട് വായനക്കാരന്റെ ഹൃദയങ്ങളിലാണെഴുതുന്നത്. സാഹിത്യം തനിക്ക് ജീവശ്വാസവും എഴുത്ത് ജീവന്റെ മിടിപ്പുമാണെന്നും പ്രതിഭ് കൂട്ടിച്ചേർത്തു.
എഴുത്തിന്റെ വേളയിൽ കഥാപാത്രമായി താൻ ജീവിക്കുകയാണ്. എഴുത്തുകാർക്ക് സ്വന്തന്ത്ര വ്യക്തിത്വമില്ല, ലിംഗഭേദങ്ങളുമില്ല. എന്നാൽ എല്ലാ എഴുത്തുകാരും സ്വന്തം ഗാനങ്ങൾ ആലപിക്കുന്നവരാണ്. മാനവികതയാണ് അവരെ ചേർത്തുവെക്കുന്നതെന്നും പ്രതിഭ പറഞ്ഞു.
ഭാഷാപരമായി നോക്കിയാൽ ഇന്ത്യക്കാർ വ്യത്യസ്തരാണ്. എന്നാൽ സാഹിത്യത്തിന്റെ സാർവലൗകികത ഇന്ത്യക്കാരെ മുഴുവൻ ഒരൊറ്റ ജനതയാക്കി മാറ്റിത്തീർക്കുന്നു. സാഹിത്യകൃതികളുടെ പരിഭാഷകളിലൂടെയാണ് ഇത് സാധ്യമാകുന്നത്. പരിഭാഷകളിലൂടെയാണ് തനിക്ക് മലയാളി വായനക്കാരുടെ ഹൃദയത്തിലിടം നേടാൻ കഴിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. ഒഎൻവിയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് പറയുന്പോൾ പ്രതിഭാ റായ് ഗദ്ഗദകണ്ഠയായി.
സ്വന്തം ലേഖിക